സർക്കാർ സ്കൂളുകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിലെ ചില മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി പുതിയ ഉത്തരവ്

തിരുവനന്തപുരം: സർക്കാർ സ്കൂളുകളിലെ താൽക്കാലിക അധ്യാപക നിയമനം എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നടത്തണമെന്ന ഉത്തരവ് മറികടക്കാൻ പുതിയ ഉത്തരവുമായി സർക്കാർ. അധ്യാപകസംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് ഈ മാറ്റം. സർക്കാർ സ്കൂളുകളിലെ അധ്യാപക-അനധ്യാപക താൽക്കാലിക നിയമനം എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്കളിലൂടെ നടത്തണമെന്ന് നിർദേശം നടപ്പാക്കിയാൽ ഒഴിവുകൾ നികത്താൻ വൈകുമെന്ന് ആശങ്ക.

പിടിഎകള്‍ അപേക്ഷ ക്ഷണിച്ച അഭിമുഖം നടത്തിയിരുന്നിടത്താണ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി താൽക്കാലിക നിയമനം നടത്തണമെന്ന നിർദേശം ഇറക്കിയത്. ഉത്തരവിനു പിന്നാലെ എതിർപ്പുമായി അധ്യാപക സംഘടനകളും രംഗത്തെത്തി. തീരുമാനം നല്ലതാണെങ്കിലും നടത്താൻ സമയമെടുക്കും എന്നതായിരുന്നു എതിർപ്പിന് കാരണം. ഈ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

സർക്കാരും പൊതു വിദ്യാഭ്യാസ ഡയറക്ടറും പുറത്തിറക്കിയ മുൻകാല ഉത്തരവിലെ വ്യവസ്ഥകൾ പരിഗണിച്ചു കൊണ്ടായിരിക്കണം നിയമനം. അതായത് അഭിമുഖം വഴി തന്നെ നിയമനം നടത്താം എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് . പിഎസ്‌സി ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ ഉണ്ടെങ്കിൽ അവർക്ക് മുൻഗണന നൽകാം. അധികമായി ഏതെങ്കിലും ജില്ലകളിൽ അധ്യാപകർ ഉണ്ടെങ്കിൽ ദിവസവേതനത്തിന് പകരം അവർക്ക് സ്ഥലംമാറ്റം നൽകിക്കൊണ്ട് ഒഴിവുകൾ നികത്താo.
പലയിടത്തും പിടിഎകൾ താൽക്കാലിക നിയമനത്തിനുള്ള നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട് . അധ്യയനവർഷം ആരംഭിക്കാനിരിക്കെ അധ്യാപകരുടെ ക്ഷാമം ഒഴിവാക്കാൻ വേണ്ടിയാണ് പുതിയ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →