റഷ്യയെ ഒറ്റപ്പെടുത്താനാവില്ല, അതിന് ശ്രമിക്കുന്നവര്‍ സ്വയം മുറിവേല്‍പ്പിക്കുകയാണെന്ന് പുടിന്‍

മോസ്‌കോ: യുക്രൈനില്‍ നാലുമാസമായി തുടരുന്ന യുദ്ധം ആഗോള ഭക്ഷ്യ-ഇന്ധനവിതരണത്തെ ബാധിച്ചിരിക്കേ, പാശ്ചാത്യരാജ്യങ്ങള്‍ക്കു ശക്തമായ മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിർ പുടിന്‍. റഷ്യയെ ഒറ്റപ്പെടുത്താനാവില്ലെന്നും അതിനു ശ്രമിക്കുന്നവര്‍ സ്വയം മുറിവേല്‍പ്പിക്കുകയാണു ചെയ്യുന്നെതന്നും പുടിന്‍ പറഞ്ഞു. അതേസമയം, ഡോണ്‍ബാസ് മേഖലയില്‍ വംശഹത്യയാണു റഷ്യ നടത്തുന്നതെന്നു യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ആരോപിച്ചു.സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന നിരവധി രാജ്യങ്ങള്‍ ഉള്‍പ്പെട്ട യൂറേഷ്യന്‍ ഇക്കണോമിക് ഫോറത്തെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്യവേയാണു പുടിന്‍ പാശ്ചാത്യരാജ്യങ്ങള്‍ക്കു താക്കീത് നല്‍കിയത്.

ആധുനികലോകത്ത് റഷ്യയെ ഒറ്റപ്പെടുത്തുക അസാധ്യവും അയഥാര്‍ത്ഥവുമാണെന്നു പറഞ്ഞ പുടിന്‍, 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പണപ്പെരുപ്പം, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, വിതരണശൃംഖലകളിലെ തടസം തുടങ്ങി പാശ്ചാത്യരാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ എണ്ണിപ്പറഞ്ഞു. ഇതൊരു തമാശയല്ല, സാമ്പത്തിക-രാഷ്ട്രീയബന്ധങ്ങളടക്കം മുഴുവന്‍ സംവിധാനത്തെയും ബാധിക്കുന്ന ഗൗരവമുള്ള കാര്യമാണ്. റഷ്യന്‍ സമ്പത്തുകള്‍ പിടിച്ചെടുക്കാനുള്ള നീക്കത്തെ പുടിന്‍ വിശേഷിപ്പിച്ചതിങ്ങനെ: മറ്റുള്ളവരെ കൊള്ളയടിച്ച് നിങ്ങള്‍ക്കൊരു നന്മയും വാങ്ങാനാവില്ല. രാഷ്്രടീയലക്ഷ്യത്തോടെ പാശ്ചാത്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചാല്‍ ധാന്യങ്ങളും വളവും ഉള്‍പ്പെടെ കയറ്റിയയച്ച് ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാന്‍ റഷ്യ തയാറാണെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഘിയുമായുള്ള സംഭാഷണത്തില്‍ പുടിന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Share
അഭിപ്രായം എഴുതാം