കൊളംബോ: ചരിത്രത്തില്‍ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ ധനമന്ത്രിയുടെ ചുമതലകൂടി പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയ്ക്ക്. രാജ്യാന്തര നാണയനിധി(ഐ.എം.എഫ്)യുമായുള്ള രക്ഷാപാക്കേജ് ചര്‍ച്ചകള്‍ നടക്കാനിരിക്കെ സഖ്യകക്ഷികള്‍ക്കിടയില്‍ രണ്ടാഴ്ചത്തെ ചര്‍ച്ചകളേത്തുടര്‍ന്നാണ് 73 വയസുകാരനായ വിക്രമസിംഗെ ധനമന്ത്രിയായി ചുമതലയേറ്റെടുത്തത്.
ധനമന്ത്രി ആരായിരിക്കണമെന്ന കാര്യത്തില്‍ ലങ്കയിലെ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ശ്രീലങ്ക പൊതുജന പെരുമാന(എസ്.എല്‍.പി.പി.) പാര്‍ട്ടിയും വിക്രമസിംഗയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് നിയമനം നീണ്ടത്. ധനമന്ത്രാലയം തങ്ങള്‍ക്കുവേണമെന്ന് എസ്.എല്‍.പി.പി. വാദിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ലങ്കയെ കരകയറ്റണമെങ്കില്‍ ധനമന്ത്രാലയത്തിന്റെ ചുമതല തനിക്കു തന്നെ വേണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിലപാട്. കുതിച്ചുയരുന്ന പണപ്പെരുപ്പത്തിലും നിത്യോപയോഗ സാധനങ്ങളുടെ വിലയിലും വലയുന്ന സാധാരണക്കാരായ ലങ്കക്കാര്‍ക്ക് ആശ്വാസമേകുന്ന തരത്തില്‍ വിക്രമസിംഗെ പുതിയ ബജറ്റ് അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. ഐ.എം.എഫുമായുള്ള ഉദ്യോഗസ്ഥ തല ചര്‍ച്ചകള്‍ ചൊവ്വാഴ്ച പൂര്‍ത്തിയായി.പക്ഷേ, രക്ഷാപാക്കേജിന് ഐ.എം.എഫ്. അംഗീകാരം നല്‍കാന്‍ ആറുമാസമെങ്കിലുമെടുക്കുമെന്നാണ് ലങ്കന്‍ കേന്ദ്രബാങ്ക് അധികൃതര്‍ പറയുന്നത്.