കൊല്ലം : വായ്പയെടുത്തുനല്‍കുമെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പുനടത്തിയ കാങ്കത്തുമുക്കിലെ ഹരിത സംഘം എന്ന സ്ഥാപനത്തിനെതിരെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇവരുടെ ഓഫീസില്‍ നിന്ന രേഖകള്‍ കൊല്ലം വെസ്റ്റ് പോലീസ് പിടിച്ചെടുത്തു. രേഖകളുടെ നിയമസാധുത പരിശോധിച്ചശേഷം തുടര്‍ നടപടികലിലേക്ക് കടക്കും.
അതിനിടെ കൂടുതല്‍ വനിതകള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. പുനലൂര്‍ ,തെന്മല എന്നിവിടങ്ങളില്‍ നിന്ന് 50 വനിതകളാണ് പരാതിയുമായി സ്‌റ്റേഷനിലെത്തിയത്. സര്‍ക്കാര്‍ അംഗീകൃത സൊസൈറ്റിയെന്ന് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത് എന്നാല്‍ ചാരിറ്റബിള്‍ ആക്ടുപ്രകാരം രജിസ്‌റ്റര്‍ ചെയ്‌ത സംഘത്തിന് ഇപ്രകാരം പണമിടപാട് നടത്താനാവില്ല. നിശ്ചിത തുക അടച്ചാല്‍ വനിതകളുടെ ഗ്രൂപ്പിന് വിവിധ ബാങ്കുകളില്‍ നിന്നു വായ്‌പയെടുത്തു നല്‍കാമെന്ന് പറഞ്ഞായിരുന്നു തുക പിരിച്ചത്. വായപയുടെ പരിധിയനുസരിച്ച് ഓരോരുത്തരില്‍ നിന്നും 1000രൂപമുതല്‍ തുക ഈടാക്കി. പത്തും ഇരുപതും പേരടങ്ങിയ ഗ്രൂപ്പുകളായാണ് വനിതകള്‍ പണം നല്‍കിയത്.
കുടുംബശ്രീ പ്രവര്‍ത്തകരും, പിന്നാക്ക വിഭാഗങ്ങളില്‍നിന്നുളളവരുമാണ് തട്ടിപ്പിനിരയായത്. വിശ്വാസ്യത നേടാനായി കുടുംബശ്രീയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരെ തന്നെയാണ് കമ്മീഷന്‍ വ്യവസ്ഥയില്‍ ഏജന്‍രുമാരായി ചേര്‍ത്തത്. മൂന്നുവര്‍ഷമായിട്ടും വായ്‌പ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ചോദ്യം ചെയ്യാനായി രണ്ട് വനിത ജീവനക്കാരെ പോലീസ് കസ്‌റ്രഡിയിലെടുത്തിരുന്നു. ഏഴുപേരടങ്ങുന്ന ബോര്‍ഡാണ് സൊസൈറ്റിക്കുളളത്. ഇവര്‍ക്കെതിരെയും അന്വേഷണം നടത്തും.