കാബൂള്‍: താലിബാന്‍ ഭീഷണിയെത്തുടര്‍ന്ന് അഫ്ഗാന്‍ ചാനലുകളിലെ വനിതാ അവതാരകര്‍ വാര്‍ത്ത അവതരിപ്പിച്ചത് മുഖം മറച്ച്. സ്ത്രീകള്‍ പൊതുസ്ഥലത്ത് മുഖം മറക്കണമെന്ന താലിബാന്‍ നിര്‍ദേശം ലംഘിച്ച് കഴിഞ്ഞ ദിവസം വനിതാ അവതാരകര്‍ മുഖം മറയ്ക്കാതെ പരിപാടി അവതരിപ്പിച്ചിരുന്നു. പിന്നാലെ മുന്നറിയിപ്പുമായി താലിബാന്‍ രംഗത്തെത്തി. മുഖമുള്‍പ്പെടെ മറയ്ക്കുന്ന ബുര്‍ഖ ധരിച്ചാണ് വനിതാ അവതാരകരും റിപ്പോര്‍ട്ടര്‍മാരും ടോളോ ന്യൂസ്, എരിയാന ടെലിവിഷന്‍, ഷംഷദ് ടിവി, 1 ടിവി വാര്‍ത്ത അവതരിപ്പിച്ചത്. മുഖംമൂടുന്നതില്‍ എതിര്‍പ്പായിരുന്നെന്നും എന്നാല്‍ ഭരണകൂടം നിര്‍ബന്ധിക്കുകയാണെന്നും ടോളോ ന്യൂസ് അവതാരക സോണിയ നിയാസി വാര്‍ത്താ ഏജന്‍സികളോടു പ്രതികരിച്ചു. മുഖം മറയ്ക്കാത്ത അവതാരകരെ ജോലിയില്‍ നിന്ന് ഒഴിവാക്കുകയോ മറ്റേതെങ്കിലും ജോലി കൊടുക്കുകയോ ചെയ്യണമെന്നായിരുന്നു താലിബാന്‍ നിര്‍ദേശം.
എന്നാല്‍, വനിതാ അവതാരകരെ നിര്‍ബന്ധിച്ച് ജോലിയില്‍ നിന്ന് പുറത്താക്കാന്‍ അധികൃതര്‍ക്ക് പദ്ധതിയില്ലെന്ന് വാര്‍ത്താ വിനിമയ മന്ത്രാലയ വക്താവ് പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്‍സാദ സ്ത്രീകള്‍ക്ക് പരമ്പരാഗത ബുര്‍ഖ ഉപയോഗിച്ച് മുഖം ഉള്‍പ്പെടെ പൂര്‍ണമായും മറയ്ക്കണമെന്ന് ഉത്തരവിട്ടിരുന്നു. മാധ്യമസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവ് പാലിച്ചതില്‍ സന്തോഷമുണ്ടെന്നും അധികൃതര്‍ പറഞ്ഞു.