വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്കു മടങ്ങവേ മർദ്ദനമേറ്റ പ്രവാസിയുടെ മരണത്തിൽ ദുരൂഹത; മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു

പാലക്കാട് : ജിദ്ദയിൽ നിന്നും നാട്ടിൽ എത്തിയ അട്ടപ്പാടി അഗളി സ്വദേശി അബ്ദുൽ ജലീലിന് 2022 മെയ് മാസം പതിനഞ്ചിനാണ് (ഞായറാഴ്ച) വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് പോകവേ മർദനമേറ്റത്. ആക്രമിച്ചത് സ്വർണക്കടത്ത് സംഘം ആണെന്നാണ് സൂചന. ഗുരുതര പരിക്കുകളോടെ അജ്ഞാതരാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടയിലാണ് അബ്ദുൽ ജലീൽ മരിച്ചത്.

വിമാനത്താവളത്തിലെത്തിയെന്നുo വീട്ടിലേക്ക് വരാൻ വൈകുമെന്നും ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. പിന്നീട് ജലീലിനെ കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി.

കൊലപാതകത്തിനു പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന് തന്നെയാണ് പോലീസ് ഉറപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ജലീലിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾപുറത്തുവരാൻ ഉണ്ടെന്ന് കുടുംബം ആരോപിക്കുന്നു.

ജലീലിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയെ പോലീസ് തിരിച്ചറിഞ്ഞു. യഹിയ എന്നയാളാണ് അക്രമി സംഘത്തിലെ പ്രധാനി എന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ട പ്രവാസി അബ്ദുൽ ജലീലിനെ ഇയാൾ തന്നെയാണ് ആശുപത്രിയിലെത്തിച്ചതെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം