എത്യോപ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ചതായി പരാതി

തൃശൂർ: എത്യോപ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് . തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള 24 പേരാണ് തട്ടിപ്പിനിരയായത്. വ്യാജ വിസയും ടിക്കറ്റും അയച്ചു നൽകി ഒരാളിൽ നിന്നും വാങ്ങിയത് എൺപതിനായിരം രൂപ. നെടുമ്പാശേരിയിൽ വിമാനം കയറാനെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം ഉദ്യോഗാർഥികളറിഞ്ഞത്. തൃശൂർ റൂറൽ പൊലീസ് മേധാവിക്ക് പരാതി നൽകി കാത്തിരിക്കുകയാണ് ഉദ്യോഗാർത്ഥികൾ.

ഒരുമാസം മുന്പ് എത്യോപ്യയിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന ഓൺലൈൻ പരസ്യം കണ്ടാണ് ഷംഷു ദില്ലിയിലുള്ള എയർ ലിങ് എന്ന ഏജൻസിയെ വിളിക്കുന്നത്. എൺപതിനായിരം രൂപയ്ക്ക് എത്യോപ്യയിൽ ഡ്രൈവർ, പെയിന്റർ ജോലിക്ക് കയറ്റി അയക്കാമെന്നായിരുന്നു മലയാളിയായ ഷെമീൻ ഷെയ്ക്ക് എന്ന് പരിചയപ്പെടുത്തിയാൾ പറഞ്ഞത്. അമ്പതിനായിരം രൂപ അഡ്വാൻസ് നൽകിയപ്പോൾ വിസയെന്ന് പറഞ്ഞ് ഒരു പേപ്പർ അയച്ചു നൽകി. കഴിഞ്ഞയാഴ്ച ടിക്കറ്റിന്റെ കൊപ്പിയും അയച്ചു നൽകിയതോടെ ബാക്കി തുകയും നൽകി. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ദില്ലിയിലേക്കും അവിടെ നിന്ന് മുംബൈയിലേക്കും പിന്നീട് എത്യോപ്യയിലേക്കുമുള്ള ടിക്കറ്റിന്റെ കോപ്പിയാണ് നൽകിയത്.വിമാനത്താവളത്തിലെത്തിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഷംഷുവിനെപ്പോലെ 24 പേരാണ് കബളിപ്പിക്കപ്പെട്ടത്.

മടങ്ങി നാട്ടിലെത്തി, തൃശൂർ റൂറൽ എസ്പിയ്ക്ക് പരാതിയും നൽകി. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഏജന്റിന്റെ ഫോൺ സ്വിച്ചോഫാണ്. ദില്ലിയിലെ ഓഫീസ് രണ്ടു ദിവസം മുമ്പ് പൂട്ടിപ്പോയിരുന്നു. ഉദ്യോഗാർഥികളെ വിശ്വസിപ്പിക്കുന്നതരത്തിൽ വിസയുടെ കോപ്പിയും ടിക്കറ്റും തയാറാക്കിയതെങ്ങനെയെന്ന് അന്വേഷണത്തിലേ വ്യക്തമാവൂ എന്ന് പൊലീസ് അറിയിച്ചു

Share
അഭിപ്രായം എഴുതാം