കേരള പേപ്പർ പ്രൊഡക്റ്റസ് ലിമിറ്റഡിന്റെ പ്രവർത്തനോദ്ഘാടനം 19 ന് മുഖ്യമന്ത്രി നിർവഹിക്കും

കോട്ടയം: വെളളൂരിലെ കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡിന്റെ പ്രവർത്തനോദ്ഘാടനം മേയ് 19ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കടലാസ് ഉത്പാദനത്തിന്റെ സ്വിച്ച് ഓൺ കർമവും മുഖ്യമന്ത്രി നിർവഹിക്കും. വ്യവസായ – നിയമവകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. സഹകരണ – രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, മുൻ മുഖ്യമന്ത്രിയും എം.എൽ.എയുമായ ഉമ്മൻ ചാണ്ടി എന്നിവർ വിശിഷ്ട പ്രഭാഷണം നടത്തും. എം.പി.മാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, എം.എൽ.എമാരായ സി.കെ. ആശ, അഡ്വ. മോൻസ് ജോസഫ്, കെ.പി.പി.എൽ ചെയർമാനും പ്രിൻസിപ്പൽ സെക്രട്ടറിയുമായ എ.പി.എം. മുഹമ്മദ് ഹനീഷ്, സ്പെഷൽ ഓഫീസർ പ്രസാദ് ബാലകൃഷ്ണൻ നായർ എന്നിവർ പങ്കെടുക്കും.

വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് കമ്പനി കേന്ദ്രസർക്കാരിൽനിന്ന് ബാധ്യതകൾ തീർത്താണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. 
ദേശീയ കമ്പനി നിയമ ട്രിബ്യൂണലിൽ സമർപ്പിച്ച റസല്യൂഷൻ പ്ളാൻ പ്രകാരം തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകുന്നതിനുൾപ്പെടെയുള്ള 145.60 കോടി രൂപയുടെ ബാധ്യത തീർത്തായിരുന്നു  ഏറ്റെടുക്കൽ. തുടർന്ന് കേരള പേപ്പർ പ്രൊഡക്‌സ് ലിമിറ്റഡാക്കി പുനസംഘടിപ്പിച്ച്  കഴിഞ്ഞ ജനുവരിയിലാണ് പ്രവർത്തനം ആരംഭിച്ചത്.

സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയുടെ നടത്തിപ്പും ചുമതലയും വ്യവസായവകുപ്പ് സെക്രട്ടറിയും ചെയർമാനും മാനേജിംഗ് ഡയറക്ടറുമായുമായ എ.പി.എം. മുഹമ്മദ് ഹനീഷും കിൻഫ്ര എം.ഡി.യും സ്പെഷൽ ഓഫീസറും  അടങ്ങുന്ന മൂന്നംഗ ബോർഡിനാണ്.

നാലു ഘട്ടങ്ങളിലായുള്ള വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതോടെ 2700 കോടി വിറ്റുവരവിൽ വർഷം അഞ്ചു ലക്ഷം മെട്രിക് ടൺ പേപ്പർ ഉൽപ്പാദനമാണ് ലക്ഷ്യമിടുന്നത്.

Share
അഭിപ്രായം എഴുതാം