അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന കോഴ്സുകള്‍ ആരംഭിക്കാന്‍ യുകെ ആസ്ഥാനമായ ലിങ്ക് ഗ്രൂപ്പ് ജില്ലയില്‍ നിക്ഷേപം നടത്തും. കമ്പനിയുടെ ഇന്ത്യന്‍ പതിപ്പായ ലിങ്ക് ഔട്ട്സോഴ്സ് സൊല്യൂഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അസാപ്പുമായി ചേര്‍ന്ന് ഹ്രസ്വ കാല കോഴ്സുകള്‍ ആരംഭിക്കും. കോഴ്സിനൊപ്പം പ്ലേസ്മെന്റും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി മെയ് 11 ന് കമ്പനിയും അസാപ്പും പത്ത് വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടിരുന്നു. ആറ് മാസം, മൂന്ന് മാസം നീളുന്ന ഐടി അനുബന്ധ കോഴ്സുകള്‍ ജൂലൈ മാസത്തോടെ ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം. പ്രാഥമിക പരിശീലന കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം ഉദ്യോഗാര്‍ഥികളെ പ്ലേസ്മെന്റിന് പ്രാപ്തരാക്കാന്‍ ഇന്ത്യയിലോ വിദേശത്തോ പരിശീലനം നല്‍കും.
പരിശീലന കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യയിലും വിദേശത്തും മികച്ച കമ്പനികളില്‍ ജോലി ലഭിക്കുമെന്ന് കമ്പനി പ്രതിനിധികള്‍ പറഞ്ഞു. നിലവില്‍ കാസര്‍കോട് അസാപ് ഓഫീസിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ലിങ്ക് ഗ്രൂപ്പ് സിഇഒ ജാമി സോബ്റാനി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദുമായി കൂടിക്കാഴ്ച നടത്തി. കോഴ്സുകള്‍ ആരംഭിക്കാനുള്ള കെട്ടിടം ആസ്ട്രല്‍ വാച്ചസിന്റെ ഭൂമിയില്‍ പരിഗണിക്കാമെന്ന് യോഗത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ സജിത് കുമാര്‍ അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ നിക്ഷേപകര്‍ക്ക് സാധ്യത കൂടുതലാണെന്നും ജില്ലയിലെ നിക്ഷേപം വര്‍ധിപ്പിക്കാനായി നിരവധി നിക്ഷേപക സൗഹൃദ പരിപാടികള്‍ നടത്തിവരികയാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ലിങ്ക് ഔട്ട്സോഴ്സ് സൊല്യൂഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ഹരീഷ് കുമാര്‍, എച്ച്ആര്‍ മാനേജര്‍ ഷിബു മേലത്ത്, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മാന്‍ ശ്യാം പ്രസാദ് തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.