കാര്‍ യാത്രികനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച സംഘത്തിലെ രണ്ടു പേര്‍ പിടിയിലായി

വെഞ്ഞാറമൂട്‌ : കാര്‍ യാത്രികനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ച്‌ പണവും സ്വര്‍ണവും കവര്‍ന്ന അഞ്ചു പ്രതികളില്‍ രണ്ടുപേര്‍ പിടിയിലായി . പനവൂര്‍ വാഴൂര്‍ വിളയില്‍ വീട്ടില്‍ നാസിം(43), പനവൂര്‍ റാഷിദ്‌ (40) എന്നിവരാണ്‌ പിടിയിലായത്‌. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ്‌ സംഭവം .

വെഞ്ഞാറമൂട്ടില്‍ നിന്ന്‌ ആനാട്ടേക്കുപോവുകയായിരുന്ന കിഴക്കുംകര കിഴക്കേക്കോണത്ത്‌ വീട്ടില്‍ മോഹനപ്പണിക്കര്‍ (58) ആണ്‌ ആക്രമണത്തിനിരയായത്‌. ഇന്നോവ കാറിലെത്തിയ 5 അംഗ സംഘം മോഹനപ്പണിക്കര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ടയര്‍ പഞ്ചറാണെന്ന്‌ പറയുകയും കാര്‍ നിര്‍ത്തി ഇറങ്ങിയ ഇയാളെ അക്രമിസംഘത്തിന്റെ കാറിലേക്കു വലിച്ചുകയറ്റുകയുമായിരുന്നു.

തുടര്‍ന്ന സീറ്റില്‍ കമഴ്‌ത്തിക്കിടത്തി മര്‍ദ്ദിക്കുകയായിരുന്നു. .ഇയാലുടെ കൈവശമുണ്ടായിരുന്ന 11 പവന്റെ മാല, വാച്ച്‌, മോതിരം, 28,000 രൂപ, പേഴ്‌സും മറ്റുരേഖകളും ഉള്‍പ്പടെ കൈക്കലാക്കുകയും ചെയ്‌തു. പോലീസില്‍ വിവരമറിയിച്ചാല്‍ കൊന്നുകളയുമെന്ന ഭീഷണിപ്പടുത്തിയെന്നും പോലീസില്‍ അറിയിക്കുമെന്ന്‌ പറഞ്ഞപ്പോള്‍ കൂടുതല്‍ ഉപദ്രവിച്ചതായും മോഹനപണിക്കര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മറ്റുമൂന്നുപ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ്‌ പറഞ്ഞു.

Share
അഭിപ്രായം എഴുതാം