ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കുമെന്ന് വിക്രമസിംഗെ

കൊളംബോ: ശ്രീലങ്കയെ ഭക്ഷ്യക്ഷാമത്തിലേക്ക് കൂപ്പുകുത്താന്‍ അനുവദിക്കില്ലെന്നും ജനങ്ങള്‍ക്ക് മൂന്നു നേരം ഭക്ഷണം ഉറപ്പാക്കുമെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും കലാപത്തിനുമിടെ പ്രധാനമന്ത്രിയായി അധികാരമേറ്റ റെനില്‍ വിക്രമസിംഗെ.

ഇന്ധനക്ഷാമം കടുക്കുകയും ഭക്ഷ്യവസ്തുക്കളുടെ വില മാനംമുട്ടുകയും ചെയ്തതോടെ പലരും പട്ടിണി കിടക്കേണ്ട അവസ്ഥയിലാണ്. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ചു നടന്ന കലാപം പ്രധാനമന്ത്രി മഹീന്ദ രാജപക്സെയുടെ രാജിയോടെയാണ് ഒട്ടൊന്നടങ്ങിയത്. തുടര്‍ന്ന് അധികാരമേറ്റ വിക്രമസിംഗെയ്ക്ക് ഇതു പ്രധാനമന്ത്രിപദത്തില്‍ ആറാമൂഴമാണ്. സമ്പദ്വ്യവസ്ഥ തീര്‍ച്ചയായും മെച്ചപ്പെടുമെന്നും എന്നാല്‍, കുറച്ചുകൂടി വഷളായതിനു ശേഷമേ തിരിച്ചുവരവുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യക്ഷാമമുണ്ടാകാന്‍ അനുവദിക്കില്ല. പ്രതിസന്ധിക്ക് പരസ്പരം പഴിച്ചിട്ടു കാര്യമില്ലെന്നും വിക്രമസിംഗെ പറഞ്ഞു.

ഇന്ത്യയുമായുള്ള ബന്ധം ദൃഢപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ രാജ്യത്തിന് സാമ്പത്തിക സഹായം നല്‍കുന്ന ഇന്ത്യയോട് നന്ദിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരുപ്പതി വെങ്കിടേശ്വരനെയും ഗുരുവായൂരപ്പനെയും പ്രാര്‍ഥിക്കുന്ന റെനില്‍ എക്കാലത്തും ഇന്ത്യയുടെ സുഹൃത്താണ്. അതേ സമയം, പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ സൂചന നല്‍കി. പ്രസിഡന്റ് ഗോട്ടബയ രാജപക്സെ രാജിവയ്ക്കുംവരെ ഒത്തുതീര്‍പ്പിനില്ലെന്നാണ് നിലപാട്. കൊളംബോയിലെ പ്രധാന സമര കേന്ദ്രത്തില്‍ നിന്ന് മടങ്ങാനും പ്രക്ഷോഭകര്‍ വിസമ്മതിച്ചു.ജനങ്ങള്‍ക്ക് ആശ്വാസം ലഭിച്ചാലേ മടക്കമുണ്ടാകുകയുള്ളൂവെന്നാണു നേതാക്കളുടെ നിലപാട്. സമ്പദ്വ്യവസ്ഥ തകര്‍ന്നതോടെ ഭക്ഷണത്തിനും മരുന്നുകള്‍ക്കും ഇന്ധനത്തിനും തീവിലയായി. പലര്‍ക്കും വില താങ്ങാനാകുന്നില്ല. പെട്രോള്‍ പമ്പുകളില്‍ കാത്തു നിന്ന ചിലര്‍ മരിക്കുക പോലുമുണ്ടായി. ഈ അവസ്ഥയ്ക്കു മാറ്റംവേണമെന്ന് സമരനേതാക്കളില്‍ ഒരാളായ ചമലഗെ ശിവകുമാര്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം