പ്രദര്‍ശനനഗരിയെ ഭക്തിസാന്ദ്രമാക്കി പടയണിയും വേലകളിയും

പ്രദര്‍ശനനഗരിയില്‍ നിറഞ്ഞ സദസില്‍ അവതരിപ്പിച്ച ജില്ലയുടെ തനത് കലാരൂപങ്ങളായ പടയണിയും വേലകളിയും ജനങ്ങളുടെ ഹൃദയത്തെ ഭക്തിസാന്ദ്രമാക്കി. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോട് അനുബന്ധിച്ചു നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായാണ് പടയണിയും വേലകളിയും വേദിയില്‍ അവതരിപ്പിച്ചത്.

കടമ്മനിട്ട ഗോത്രകലാകളരിയുടെ ആഭിമുഖ്യത്തില്‍ പി ടി പ്രസന്നകുമാറും സംഘവുമാണ് പടയണി വേദിയിലെത്തിച്ചത്. കാലന്‍കോലം ഉറഞ്ഞ് തുള്ളിയപ്പോള്‍ കണ്ടിരുന്ന ജനങ്ങളുടെ മനസ് ഭക്തി നിര്‍ഭരമായി. വെണ്‍മണി ശാര്‍ങക്കാവ് ഭുവനേശ്വരി സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു വേലകളി അവതരിപ്പിച്ചത്. ക്ഷേത്രസംസ്‌കാരവും ആയോധന സംസ്‌കാരവും ഇഴുകിചേര്‍ന്ന വേലകളിയില്‍ ചരിത്രവും ഐതീഹ്യവും ഒരുമിച്ചായിരുന്നു അവതരിപ്പിച്ചത്.

വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ആസ്വാദകഹൃദയങ്ങളെ ആനന്ദത്തിലാറാടിച്ചു. കാഴ്ച്ച പരിമിതിയും, കേള്‍വിക്കുറവുമുള്ള നാരങ്ങാനം സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ദേവനാരായണന്‍ അവതരിപ്പിച്ച ബ്രേക്ക് ഡാന്‍സ് കാണികള്‍ക്ക് ഒരുപോലെ സന്തോഷവും അഭിമാനവും സമ്മാനിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ദേശഭക്തിഗാനം, ഭരതനാട്യം, പുല്ലാങ്കുഴല്‍, നാടന്‍പാട്ട്, ഫ്യൂഷ്യന്‍ എന്നിവയും വേദിയില്‍ നടന്നു.

Share
അഭിപ്രായം എഴുതാം