രാജ്യദ്രോഹ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗിൽഡ്, അരുൺ ഷൂരി തുടങ്ങി നിരവധി പേർ നൽകിയിട്ടുള്ള ഹർജികളിൽ നടപടി സ്വീകരിച്ചു വരികയായിരുന്നു. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരാണ് കേസ് കേട്ടിരുന്നത്. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള രാജ്യദ്രോഹ നിയമം ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ ഭാഗമായിരുന്നു ഇതുവരെ. അതിന്റെ അടിസ്ഥാനത്തിൽ കേസുകളും ശിക്ഷകളും നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ശിക്ഷാ നിയമം 124- A ഭരണഘടനയ്ക്ക് വിരുദ്ധമായതിനാൽ റദ്ദു ചെയ്യണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നത്.
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ വിദ്വേഷം വളർത്താൻ വേണ്ടി പറയുകയോ എഴുതുകയോ ചെയ്യുന്നതും ചിഹ്നങ്ങളോ സൂചനകളോ ഉപയോഗിക്കുന്നതും കുറ്റകരമാണ്. അതിന് ശ്രമിക്കുന്നതും കുറ്റം തന്നെ. ഐ പി സി 124 എ പ്രകാരം ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം.
സർക്കാരിനെ(സ്റ്റേറ്റിനെ) സൃഷ്ടിക്കുന്നത് പൗരന്മാരാണ്. അഞ്ച് കൊല്ലത്തേക്കുള്ള സംവിധാനം. പൗരൻ വോട്ടെടുപ്പിലൂടെ സർക്കാറിനുള്ള പ്രവർത്തന അധികാരം നൽകുന്നു. ഇത് ചുമതലപെടുത്തൽ കൂടിയാണ്. ചുമതലപെടുത്തിയാൽ മാത്രം പോരാ. പ്രവർത്തിക്കാൻ പണവും വേണം. നികുതിയായി അതും നൽകുന്നു. ഈ വിധത്തിൽ അഞ്ചുവർഷത്തേക്ക് നിലവിൽ വരുന്ന സർക്കാരിൻറെ ചെയ്തികളെ എതിർത്തു പറയുന്നതും എഴുതുന്നതും ജീവപര്യന്തം കിട്ടാവുന്ന കുറ്റമായി സ്വതന്ത്ര ഇന്ത്യയിൽ തുടർന്നത് ഒരു അത്ഭുതമാണ്. ഭരിച്ചവർ ആരും തിരുത്തിയില്ല. ഈ പൗരാവകാശ ലംഘനമാണ് ഹർജിക്കാർ സുപ്രീം കോടതിയിൽ ഉന്നയിച്ചത്.
പരിഷ്കരിക്കാമെന്ന് കേന്ദ്രസർക്കാർ
1962 -ൽ ഏറെക്കുറെ ഇതേ വാദഗതികളുമായി സുപ്രീംകോടതിയിൽ ഹർജി വന്നിരുന്നു. എന്നാൽ ഈ നിയമം ആവശ്യമാണെന്ന് കേന്ദ്രസർക്കാർ നിലപാട് എടുത്തതോടെ വിധി രാജ്യദ്രോഹനിയമത്തിന് അനുകൂലമായി. 2021-ൽ ഈ ഹർജി വന്നപ്പോോഴാണ് പിന്നീട് ഈ വിഷയത്തിന് കാറ്റു പിടിക്കുന്നത്. കേന്ദ്രസർക്കാറിനോട് സത്യവാങ്മൂലം നൽകാൻ എട്ടുമാസം മുമ്പ് കോടതി ഉത്തരവിട്ടതാണ്. എന്നാൽ സത്യവാങ്മൂലം വൈകി. നയപരമായ തീരുമാനം ആവശ്യമായതിനാലാണ് വൈകിയത് എന്ന് കരുതാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു വേണ്ടി അഡീഷണൽ സെക്രട്ടറിയായ മൃത്യുഞ്ജയകുമാർ നാരായണൻ ആണ് സത്യവാങ്മൂലം നൽകിയിരിക്കുന്നത്. പക്ഷേ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉദ്ധരിച്ചുകൊണ്ടാണ് സത്യവാങ്മൂലം. ‘ഇന്ത്യക്കാരുടെ പൗരാവകാശങ്ങളുടെ മേലുള്ള കോളനി കാലത്തെ ഭാണ്ഡങ്ങൾ എടുത്തു മാറ്റണം. കോളനിവാഴ്ച്ച കാലത്തെ മനോഭാവങ്ങൾ ഉള്ള നിയമങ്ങൾക്ക് ഇന്നത്തെ ഇന്ത്യയിൽ ഒന്നും ചെയ്യാനില്ല’- എന്നിങ്ങനെ പ്രധാനമന്ത്രി അഭിപ്രായപ്പെടുന്നത് സത്യവാങ്മൂലത്തിലുണ്ട്. ഈ പശ്ചാത്തലത്തിൽ നിയമം പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നുവെന്ന് കോടതിയെ അറിയിച്ചതോടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
ഇടക്കാല വിധിയുടെ അർത്ഥം
സർക്കാർ, നിയമത്തിൽ മാറ്റം വരുത്താൻ പോകുന്ന സ്ഥിതിക്ക് ആ നിയമം മരവിപ്പിക്കുന്നത് സ്വാഭാവികം. മാത്രമല്ല വ്യവസ്ഥകൾ മാറ്റാൻ പോകുന്ന സ്ഥിതിക്ക് നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം നടപടി സ്വീകരിക്കരുതെന്ന് സർക്കാരുകൾക്ക് സുപ്രീംകോടതി നിർദേശം നൽകി. ജാമ്യം അടക്കമുള്ള കാര്യങ്ങളിൽ കീഴ് കോടതികൾ തീരുമാനമെടുക്കുമ്പോൾ നിയമം മരവിപ്പിച്ച സാഹചര്യം പരിഗണിക്കണമെന്നും നിർദ്ദേശിച്ചു. അതായത് ഇപ്പോൾ കോടതികളുടെ പരിഗണനയിലുള്ള കേസുകളിൽ പ്രതികൾക്ക് ആനുകൂല്യം ലഭിക്കും. പുതിയ കേസുകൾ എടുക്കാനാവില്ല. മാറ്റങ്ങളോടെ വരുന്ന നിയമത്തിന് മുൻകാലപ്രാബല്യം ലഭിച്ചാൽ ശിക്ഷിക്കപ്പെട്ടവർക്കും ഇളവ് ലഭിക്കും. മുൻകാല പ്രാബല്യം നൽകിയില്ലെങ്കിലും പുതിയ മാറ്റങ്ങളുടെ ആനുകൂല്യം അപ്പീൽ കേസുകളിൽ ലഭിക്കാനും ഇടയുണ്ട്.
നിയമം റദ്ദ് ചെയ്യണം എന്നായിരുന്നല്ലോ പരാതിക്കാരുടെ ആവശ്യം. കേന്ദ്ര സർക്കാരിൻറെ സത്യവാങ്മൂലം വന്ന ഉടനെ പരാതിക്കാർക്ക് വേണ്ടി ഹാജരായ കപിൽ സിബൽ നിയമം റദ്ദ് ചെയ്തു കൊണ്ട് തന്നെ ഇടക്കാല ഉത്തരവ് വേണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ കോടതി അത് തള്ളിക്കളഞ്ഞു. മാറ്റാൻ ഉദ്ദേശമുള്ള നിയമത്തെ മരവിപ്പിക്കുക മാത്രമാണ് കോടതി ചെയ്തിട്ടുള്ളത്. സർക്കാർ കൊണ്ടുവരുന്ന മാറ്റങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും നിയമം റദ്ദ് ചെയ്യണമോ എന്ന് തീരുമാനിക്കുക.
കിരൺ റിജ്ജുവിൻറെ മുറുമുറുപ്പ്
നിയമം മരവിപ്പിച്ചതിൽ കേന്ദ്രനിയമമന്ത്രി കിരൺ റിജ്ജു അതൃപ്തി പ്രകടിപ്പിച്ചു.’കോടതിയുടേയും സർക്കാരിന്റെയും അതിർത്തികൾ ലംഘിക്കപ്പെടാതിരിക്കണം. എല്ലാറ്റിനും ലക്ഷ്മണരേഖ ഉണ്ട്. അത് മറികടക്കരുത്. കോടതി സർക്കാരിനെയും സർക്കാർ കോടതിയെയും ബഹുമാനിക്കണം’ എന്നും മന്ത്രി പറയുന്നു. ഇതൊരുതരം മുറുമുറുപ്പ് തന്നെയാണ്. കോടതി സർക്കാരിന്റെ അധികാരത്തിൽ ഇടപെടുന്നു എന്ന ധാരണ നൽകുന്നതാണ് ഈ പ്രതികരണം. അതായത് രാജ്യദ്രോഹ നിയമം റദ്ദ് ചെയ്യാൻ സർക്കാർ ആലോചിക്കുന്നില്ല. അത് നടപ്പാക്കുന്ന രീതിയിൽ ചില വ്യവസ്ഥകൾ കൊണ്ടുവരാനോ നിയമത്തിൻറെ അവ്യക്തതകൾ നീക്കംചെയ്തു ക്ലിപ്തമാക്കാനോ മാത്രമേ സർക്കാരിന് ഉദ്ദേശം ഉള്ളൂ എന്ന് സാരം.
രാജ്യമല്ല ഭരണകൂടം
രാജ്യവിരുദ്ധതയും ഭരണകൂടവിരുദ്ധതയും ഒരേ കാര്യമായി കൈകാര്യം ചെയ്യുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സൗകര്യം നൽകുന്നതാണ് നിലവിലുള്ള നിയമം. രാജ്യദ്രോഹവും സ്റ്റേറ്റ് ദ്രോഹവും രണ്ടാക്കി നിർവചിക്കാൻ ഇന്നേവരെ ഒരു സർക്കാരും പാർലമെന്റും തയ്യാറായിട്ടില്ല.
സാമൂഹ്യ മാധ്യമങ്ങളിൽ എഴുതുന്നവരും മാധ്യമപ്രവർത്തകരുമാണ് രാജ്യദ്രോഹികളായി മുദ്രകുത്തി അറസ്റ്റ് ചെയ്യുപ്പെടുന്നവരിൽ അധികവും. സർക്കാരിന് ദഹിക്കാത്തത് പറഞ്ഞാൽ രാജ്യദ്രോഹം. ജാമ്യമില്ല, ജീവിതാവസാനം വരെ ജയിലിൽ ഇടാൻ സൗകര്യം. ഇതാണ് അവസ്ഥ.
ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ ആയ ഉദ്യോഗസ്ഥനെതിരെ വിമർശനം ഉയർത്തിയതിന്റെ പേരിൽ ആയിഷ സുൽത്താനയ്ക്ക് എതിരെ രാജ്യദ്രോഹകുറ്റം ചുമത്തി. റിപ്പോർട്ടോ എഡിറ്റോറിയലോ ലേഖനമോ എന്തുമാകട്ടെ സർക്കാരിന് ഉത്തരം മുട്ടുന്നതാണെങ്കിൽ രാജ്യദ്രോഹമാക്കി കേസെടുക്കാം. നിശ്ശബ്ദരാക്കാം. കെ റെയിലിനെ എതിർക്കുന്നവരെ വേണമെങ്കിൽ ഈ നിയമം ഉപയോഗിച്ച് അറസ്റ്റ് ചെയ്യാം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയുടെ ഔദ്യോഗിക വസതിക്കുമുന്നിൽ ബിജെപി, എംപി, എംഎൽഎയും ഹനുമാൻ ചാലിസ ചൊല്ലി. അതിനെടുത്ത കേസും രാജ്യദ്രോഹനിയമപ്രകാരമായിരുന്നു. രാജ്യദ്രോഹിയായി ആരും എപ്പോഴും മാറാവുന്നതാണ് സാഹചര്യം. സർക്കാരിന്റെ ആഗ്രഹമനുസരിച്ച് പോലീസിന് രാജ്യദ്രോഹത്തിന്റെ തൊപ്പി ആരെ വേണമെങ്കിലും ധരിപ്പിക്കും.
തിലകനും ഗാന്ധിയും രാജ്യദ്രോഹികൾ ആയിരുന്നോ?
ലോകമാന്യതിലകിനെ രണ്ടു പ്രാവശ്യവും മഹാത്മാ ഗാന്ധിജിയെ മൂന്ന് പ്രാവശ്യവും ഈ നിയമം ഉപയോഗിച്ച് ശിക്ഷിച്ച് ജയിലിൽ അടച്ചിട്ടുണ്ട്. ഇവരാരും രാജ്യദ്രോഹികൾ പോയിട്ട് സാധാരണ ദ്രോഹികൾ പോലും അല്ലെന്ന് എല്ലാവർക്കും അന്നും ഇന്നും അറിയാവുന്ന കാര്യമാണ്. എന്നിട്ടും അവരെ ജയിലിലടയ്ക്കാൻ സഹായിച്ച നിയമത്തിന് കാര്യമായ കുഴപ്പം ഉണ്ടെന്ന് സ്വതന്ത്ര ഇന്ത്യയിൽ ആർക്കും തോന്നിയില്ല.
ജവഹർലാൽ നെഹ്റു അന്ന് ശക്തിയായി അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. എത്രയും പെട്ടെന്ന് ഈ നിയമം ഒഴിവാക്കുന്നത് നന്നായിരിക്കും എന്നാണ് നെഹ്റു പ്രതികരിച്ചത്.
നെഹ്റു, ഇന്ദിര, രാജീവ്, രാഹുൽ- ഒരേ സ്വരം ഒരേ സ്റ്റേറ്റ് സ്നേഹം
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്റുവായിരുന്നു. ഗാന്ധിജിയെ ജയിലിലടച്ച നിയമം ഇന്ത്യൻ പീനൽ കോഡിന്റെ ഭാഗമായത് അന്നാണ്. പ്രധാനമന്ത്രി കസേരയിൽ ഇരുന്ന് ഗാന്ധിജിയുടെ ജയിൽ വാസം എന്തിനായിരുന്നു എന്ന് ചിന്തിച്ചിരുന്നു എങ്കിൽ ഈ നിയമം അന്നേ മാറ്റിയേനെ. പക്ഷേ അതുണ്ടായില്ല. ഗാന്ധിജിയെ ജയിലിലടച്ച നിയമം കൊണ്ട് നെഹ്റുവിന്റെ ഭരണ കാലത്ത് ധാരാളംപേർ ജയിലിലായി. പിന്നാലെ വന്ന ഗുൽസാരിലാൽ നന്ദയ്ക്കും ലാൽ ബഹദൂർ ശാസ്ത്രിയും നിയമം മാറ്റുന്നതിനെ പറ്റി ചിന്തിക്കാനെ ആയില്ല.
ഇതിനിടയിൽ, 1962-ൽ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ കേസ് വന്നു. ഭരണകൂടത്തെ വിമർശിക്കുന്നതും, എഴുതുന്നതും അട്ടിമറി നീക്കമായി കാണാനാവില്ലെന്നും അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. എന്നാൽ കേന്ദ്രസർക്കാരും കോൺഗ്രസും നിയമത്തിൽ പരിഷ്കരണം പോലും അനുവദിച്ചില്ല.
പെറ്റി കേസ് ചാർജ് ചെയ്യുന്നത് പോലെയാണ് പിന്നീട് ഇന്ദിരാഗാന്ധിയുടെ കാലത്ത് രാജ്യദ്രോഹ കുറ്റങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടത്. അന്നത്തെ പല രാജ്യദ്രോഹികളും പ്രധാനമന്ത്രിമാരും മന്ത്രിമാരും പാർലമെന്റ് അംഗങ്ങളും ആയി. മൊറാർജി, ചരൺസിംഗ്, ചന്ദ്രശേഖർ, വാജ്പേയ് എന്നിവർ പ്രധാനമന്ത്രിമാരുടെ പട്ടികയിൽ വരുന്നു. പക്ഷേ അധികാരത്തിൽ വന്നപ്പോൾ അവരും ഈ നിയമത്തെ തൊട്ടില്ല. മാറ്റങ്ങൾക്ക് ശ്രമിച്ച പ്രധാനമന്ത്രിയായ വി പി സിങ്ങിനും അതിനായില്ല. യുപിഎ സർക്കാരും ബ്രിട്ടീഷ് നിയമത്തിൻറെ സൗകര്യം വേണ്ടെന്നുവയ്ക്കാൻ മടിച്ചു. സത്യം പറയുന്നത് രാജ്യസ്നേഹം ആണെന്ന് ഇപ്പോൾ പ്രതികരിച്ച രാഹുൽഗാന്ധിക്ക് അന്ന് ഈ നിയമം എടുത്തുകളയാൻ ആവശ്യപ്പെടാമായിരുന്നു. ഇന്ന് കേസ് വാദിക്കുന്ന കപിൽ സിബൽ അന്ന് കേന്ദ്രമന്ത്രിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന ഇന്ദർജിത്ത് ഗുപ്ത കേന്ദ്രത്തിൽ ആഭ്യന്തരമന്ത്രിയായിരുന്നിട്ടുണ്ട്. എന്തായാലും ആരും ഒന്നും ചെയ്തില്ല. ഒന്നും ഉണ്ടായതുമില്ല.
പൗരനെ ഭയക്കുന്ന സ്റ്റേറ്റ്
ജയിലിൽ കിടക്കുമ്പോൾ എഴുതി പഠിക്കുന്ന കാര്യങ്ങൾ ഭരണത്തിൽ ഇരിക്കുമ്പോൾ മറന്നു പോകുന്നതാണ് ഇവിടെയെല്ലാം കാണാനാവുന്ന രാഷ്ട്രീയ പാഠം.
ഗാന്ധിജി ജയിലിൽ കിടന്നത് പ്രധാനമന്ത്രിയായപ്പോൾ നെഹ്റു മറന്നു. ഇന്ദിരാഗാന്ധി തന്റെ അച്ഛൻ മകൾക്ക് അയച്ച മുഴുവൻ കത്തുകളും മറന്നുകളഞ്ഞു. മിസയും ഡി ഐ ആറും പ്രയോഗിച്ച് ജയിലിലടക്കപ്പെട്ട മൊറാർജിയും ചരൺ സിംഗും ചന്ദ്രശേഖറും വാജ്പേയിയും പ്രധാനമന്ത്രിയായപ്പോൾ ജയിൽവാസത്തിന് പിന്നിലെ നിയമങ്ങൾ ഒരേപോലെ മറന്നു. പിന്നീട് വന്നവരും മറന്നു. സ്വന്തം ജീവിതത്തിൽ പാട് വീഴ്ത്തിയ നിയമത്തിന്റെ നീതിരാഹിത്യം അനുഭവിച്ചവർ തന്നെ നിയമം തിരുത്താൻ മറക്കുമ്പോൾ എന്തായിരിക്കാം അതിന് കാരണം? ഈ കാലയളവിലെ മുഴുവൻ പാർലമെൻറ് അംഗങ്ങളെയും കൂടി ഓർക്കേണ്ടതാണ്. എന്തേ അവരും നിശബ്ദരായി ? ഇവരെല്ലാം നിശബ്ദരായപ്പോഴും പൗരന്മാർക്ക് എന്തെ നിശബ്ദത വെടിയാനായില്ല ?
ആരാണ് ജനാധിപത്യവാദി ?
നമ്മുടെ ഭരണഘടന യൂറോപ്യൻ ലിബറൽ ജനാധിപത്യത്തിന്റേതാണ്. പക്ഷേ അതിൽ എഴുതി വച്ചിരിക്കുന്ന മൂല്യങ്ങളിൽ ഒന്നിന്റെ പോലും സൃഷ്ടിക്കായി ഒരു സായാഹ്നധർണ പോലും ഇന്ത്യൻ പൗരൻ നടത്തിയിട്ടില്ല. ഭരണഘടന നിലവിൽ വന്ന ശേഷം അതിന്റെ സൗകര്യങ്ങളിൽ ജീവിച്ചതല്ലാതെ ആ പുസ്തകത്തിൽ പറയുന്നത് എന്താണെന്നോ അത് എങ്ങനെ വിനിയോഗിക്കണം എന്നോ വായിച്ച് മനസ്സിലാക്കാൻ അധികംപേർ മെനക്കെട്ടിട്ടുമില്ല. ഭരണഘടനയുടെ അടിസ്ഥാനത്തിൽ നിയമം നിർമ്മിക്കാനും ഇല്ലാതാക്കാനും ചുമതലപ്പെട്ടവർ തന്നെ എത്രപേർ അത് വായിച്ചു നോക്കിയിട്ടുണ്ടെന്ന് അറിയണമെങ്കിൽ ഒരു കേട്ടെഴുത്ത് ഇട്ടാൽ മതി.
ഭരണകൂടം അല്ല രാജ്യം.
ഭരണവിമർശനം രാജ്യദ്രോഹവുമല്ല .
ഇന്ത്യക്കാർ ലോകത്ത് മുഴുവൻ ഉണ്ട്. ഇന്ത്യ എന്ന രാഷ്ട്രത്തിൻറെ (നേഷന്റെ) ഭാഗമാണ് അവർ. മറ്റ് രാജ്യങ്ങളിലാണ് അവർ ജീവിക്കുന്നത്. എന്നാലും ഇന്ത്യ എന്ന നേഷന്റെ ഭാഗമാണ് അവർ. ഇന്ത്യക്കാർക്ക് ഇന്ത്യ എന്ന ഒരു രാജ്യം (കൺട്രി) ഉണ്ട് . ഇത് കൃത്യമായ ഒരു ഭൂപ്രദേശവും അതിലെ ജനതയും അവരുടെ ജീവിത സംവിധാനങ്ങളും ചേർന്നതാണ്. ആ ജീവിത സംവിധാനങ്ങളിൽ ഒന്നാണ് സ്റ്റേറ്റ് അല്ലെങ്കിൽ ഭരണകൂടം എന്ന സർക്കാർ. രാജ്യത്തെക്കാൾ ചെറുതും രാജ്യത്തിനുള്ളിലുള്ള പല സംവിധാനങ്ങളിൽ ഒന്നും മാത്രമാണ് സ്റ്റേറ്റ്. രാജ്യത്തെ പൗരന്മാർ അവരുടെ സ്വതന്ത്ര തീരുമാനത്തിലൂടെ അഞ്ചുവർഷം മാത്രം വരുന്ന ഒരു കാലയളവിലേക്ക് സ്റ്റേറ്റിനെ പ്രതിഷ്ഠിക്കുന്നു. സ്റ്റേറ്റിന്റെ കാര്യനിർവഹണത്തിനുള്ള പണം നികുതിയായി നൽകുകയും ചെയ്യുന്നു. സ്റ്റേറ്റ് എന്ന സംവിധാനം സ്ഥിരമാണെങ്കിലും അതിനെ പൗരന്മാർ അഞ്ചുകൊല്ലം കൂടുമ്പോൾ ഇളക്കി പ്രതിഷ്ഠിച്ചുകൊണ്ടാണ് ഇരിക്കുന്നത്. പൗരനെ പ്രതിനിധീകരിക്കുകയും പൗരനുവേണ്ടി ചുമതല ഏൽക്കുകയും ചെയ്യുമ്പോൾ നിലവിൽ വരുന്ന സംവിധാനമാണ് സ്റ്റേറ്റ്.
പ്രധാനമന്ത്രിയും പശുവിനെ കുത്തിവയ്ക്കുന്ന ആളും തമ്മിൽ ബന്ധം എന്ത്?
പ്രധാനമന്ത്രി മുതൽ പശുവിന് കൃത്രിമ ബീജം കുത്തി വയ്ക്കുന്നവർ വരെ സ്റ്റേറ്റിന്റെ ഭാഗമാണ്. പക്ഷേ അവർ രാജ്യമല്ല. ഹോൾസ്റ്റീൻ ഇനത്തിൽപ്പെട്ട പശുവിന് ജഴ്സി കാളയുടെ ബീജം കുത്തിവെച്ച ആർട്ടിഫിഷ്യൽ ഇൻസെമിനേറ്ററുടെ നടപടിയെ പറ്റി എതിർത്ത് പറഞ്ഞാൽ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാമെന്ന് പറയുന്ന യുക്തി മാത്രമേയുള്ളൂ ഭരണകൂടത്തെ എതിർക്കുന്നതും വിമർശിക്കുന്നതും രാജ്യദ്രോഹമായി കേസാക്കുമ്പോൾ . ഹനുമാൻ ചാലിസ ചൊല്ലിയതിന് ശിവസേന സർക്കാർ ബിജെപി എംപിയെയും എംഎൽഎയും രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്തതും ഇന്ദിരാഗാന്ധി കോടതിയിൽ തോറ്റത് തോൽവി ആണെന്ന് പറഞ്ഞ സകലരെയും രാജ്യദ്രോഹികളാക്കി ജയിലിൽ അടച്ചതും എല്ലാം ഒരേ യുക്തിവും താത്പര്യവും തന്നെ.
സ്റ്റേറ്റ് ആണ് എല്ലാം എന്ന് സർക്കാർ ചുമതലക്കാർ വിശ്വസിച്ചു. പ്രവർത്തിച്ചു. ലൂയി പതിനാലാമനും അതു തന്നെയാണ് ചെയ്തത്. പറഞ്ഞതും അതു തന്നെ. അയാം ദ സ്റ്റേറ്റ് …. ഇന്ദിരയാണ് ഇന്ത്യ എന്ന അടിയന്തിരാവസ്ഥയിലെ വാായ്ത്താരിയും മറ്റൊന്നല്ല. ഭരണം എന്ന സൗകര്യം സ്വന്തം കൈകളിൽ ആകുമ്പോൾ എല്ലാവരും രാജ്യത്തോളം വികസിച്ച് രാജ്യത്തെ വിഴുങ്ങുന്നതാണ് കാഴ്ച. സത്യത്തിൽ സ്റ്റേറ്റ് എന്നാൽ രാജ്യത്തോളമില്ല എന്ന് വ്യക്തമാണ്. സ്റ്റേറ്റിനെ വിമർശിച്ചാൽ സ്റ്റേറ്റ് ദ്രോഹം മാത്രമേ ആവുകയുള്ളൂ. അതിന് പൗരനെ ശിക്ഷിക്കാനാവില്ല. കാരണം അത് പൗരന്റെ കടമയും അവകാശവുമാണ്. അതേ സമയം പൗരൻ അങ്ങനെ വിമർശിച്ചില്ലെങ്കിൽ രാജ്യത്തിന് വലിയ അപകടങ്ങൾ തന്നെ ഉണ്ടാവും. ഇന്ത്യ എന്നാൽ ഇന്ദിരയാണ് എന്ന് വിചാരിച്ച് അവർ കാണിച്ചുകൂട്ടിയ കാര്യങ്ങളെ പൗരൻ വിമർശിച്ചില്ലായിരുന്നുവെങ്കിൽ സർക്കാർ ജനവിരുദ്ധമായി മാറി രാജ്യം കലാപത്തിൽ അമരുമായിരുന്നു. ഒരു വൈദേശിക തിരക്കഥയനുസരിച്ച് പട്ടാളം അധികാരം ഏറ്റെടുക്കുമായിരുന്നു. പൗരന്റെ തിരിച്ചറിവാണ് അന്ന് രാജ്യത്തെ രക്ഷിച്ചതും വഴിതെറ്റിയ സ്റ്റേറ്റിനെ തകർത്തതും.
അടിമത്തത്തിൻറെ അമേദ്യം തിന്നലല്ല പൗരധർമ്മം
പിണറായി വിജയനും നരേന്ദ്രമോദിയും എല്ലാം സ്റ്റേറ്റിന്റെ അഞ്ചുവർഷത്തെ ചുമതലക്കാർ മാത്രമാണ്. അവർക്കെതിരെ വിമർശിച്ചാൽ അത് രാജ്യത്തെ ദ്രോഹിക്കലല്ല. പക്ഷേ ഭരണത്തിലെത്തുന്നവർക്ക് സ്റ്റേറ്റ് ആണ് എല്ലാം. അങ്ങനെ തോന്നും. അങ്ങനെ പെരുമാറും . പക്ഷേ പൗരൻ അത് വകവെച്ചു കൊടുക്കാൻ പാടില്ല. കാരണം രാജ്യം എന്നത് ചുമതലക്കാരനായ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അല്ല. രാജ്യം അവരുടേതല്ല. രാജ്യം പൗരന്മാരുടെതാണ്. രാജ്യത്തിനുള്ളിൽ രാജ്യത്തിനെക്കാൾ ചെറുതായ ഒന്നാണ് സ്റ്റേറ്റ്. എന്നാൽ രാജ്യത്തെ സൃഷ്ടിച്ചത് പൗരനാണ്. ഇന്ത്യൻ ഭരണഘടന പ്രഖ്യാപിച്ചത് അന്നത്തെ ഇന്ത്യൻ പൗരന്മാർ എല്ലാവരും കൂടിയാണ്. ആ പൗരന് സ്റ്റേറ്റിനെ വിമർശിക്കാൻ അവകാശവും അധികാരവുമുണ്ട്. ആ അധികാരവിനിയോഗമാണ് രാജ്യദ്രോഹമാക്കി ഭരണകൂടങ്ങൾ ആസ്വദിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണം ഇന്ത്യൻ ജനതയെ അടിമകളാക്കാൻ ഉപയോഗിച്ച നിയമം ഇന്ത്യൻ ഭരണക്കാർ പൗരന്മാരെ അടിമകളാക്കാൻ ഉപയോഗിച്ചു എന്നതാണ് സത്യം. അതിൽ പിഴവുകൾ ഉണ്ടെന്നും മാറ്റമുണ്ടാക്കുമെന്നും അഭിപ്രായപ്പെട്ട ആദ്യ പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്ന് പറയാം.
കിരൺ റിജ്ജു സർക്കാരിനെയും കോടതിയെയും ബന്ധിപ്പിച്ച് പറഞ്ഞ ലക്ഷ്മണരേഖ പൗരനും അവരുടെ പ്രതിനിധികളായ ചുമതലക്കാരും തമ്മിൽ വേണം. സ്വാതന്ത്ര്യവും പൗരാധികാരവും വിനിയോഗിക്കാത്ത തലമുറ അടിമത്തത്തിന്റെ അമേദ്യം തിന്നാൻ വിധിക്കപ്പെട്ടവരാണ്.
ലേഖകൻ സമദർശിയുടെ ചീഫ് എഡിറ്ററാണ്. ഫോൺ: 8281058888