രാജപക്സെയുടെ രാജിയ്ക്ക് ശേഷവും അക്രമം പടര്‍ന്ന് ലങ്ക

കൊളംബോ: രാജപക്സെകള്‍ക്കെതിരായ കലാപം അക്ഷരാര്‍ഥത്തില്‍ ആളിപ്പടര്‍ന്നതോടെ ശ്രീലങ്കയില്‍ വന്‍ പ്രതിസന്ധി. പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചെങ്കിലും അക്രമം പടരുകയാണ്. ജനക്കൂട്ടത്തെ തോക്കുകൊണ്ട് നേരിടാന്‍ ശ്രമിച്ച ഭരണകക്ഷി എം.പി. അമരകീര്‍ത്തി അതുകൊരാളയെ ഇന്നലെ ഉച്ചകഴിഞ്ഞ് മരിച്ചനിലയില്‍ കണ്ടെത്തി. അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്നു സൂചനയുണ്ട്.
കൊളംബോയില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള രാജപക്സെകളുടെ കുടുംബവീടിനു ജനം തീയിട്ടു. ജനരോഷത്തില്‍ ഭരണകക്ഷി നേതാക്കള്‍ക്കു നേരെ വ്യാപക ആക്രമണമാണുണ്ടായത്. രണ്ട് മുന്‍ മന്ത്രിമാരടക്കം നിരവധി നേതാക്കളുടെ വസതികള്‍ അഗ്‌നിക്കിരയായി. രോഷാഗ്‌നിയെ നിയന്ത്രിക്കാനുള്ള പോലീസ് ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഇതേത്തുടര്‍ന്നു കൊളംബോ അടക്കമുള്ള പ്രധാന നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന ഉന്നതതലയോഗത്തില്‍ മഹിന്ദയോടു രാജിവയ്ക്കാന്‍ അദ്ദേഹത്തിന്റെ സഹോദരന്‍കൂടിയായ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കാന്‍ സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു മുന്നോടിയായാണു രാജപക്സെസഹോദരന്‍മാരുടെ നിര്‍ണായകനീക്കം. എന്നാല്‍, ഇടക്കാലസര്‍ക്കാരില്‍ പ്രധാനമന്ത്രിസ്ഥാനം സ്വീകരിക്കില്ലെന്നു പ്രതിപക്ഷേനതാവും എസ്.ജെ.ബി. പാര്‍ട്ടി നേതാവുമായ സജിത്ത് പ്രേമദാസ വ്യക്തമാക്കി.

തലസ്ഥാനമായ കൊളംബോയ്ക്കു പുറത്തുനടന്ന കലാപത്തിനൊടുവിലാണ് അമരകീര്‍ത്തി അതുകൊരാളയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. നിത്താംബുവ എന്ന സ്ഥലത്ത് വച്ച് തന്റെ കാര്‍ തടഞ്ഞുനിര്‍ത്തിയവര്‍ക്കു നേര്‍ക്ക് അമരകീര്‍ത്തി വെടിയുതിര്‍ത്തിരുന്നു. രണ്ട് പേര്‍ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. തുടര്‍ന്നു അക്രമാസ്‌കതമായ ജനക്കൂട്ടത്തില്‍നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹം സമീപമുള്ള കെട്ടിടത്തിലേക്ക് ഓടിക്കയറി. അല്‍പ സമയത്തിനുശേഷം അദ്ദേഹത്തെ വെടിയേറ്റുമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കൊളംബോയ്ക്കു സമീപമുള്ള മോട്ടാതുവയിലെ മേയര്‍ സല്‍മാന്‍ ലാല്‍ ഫെര്‍ണാണ്ടോയുടെ വസതിക്കു പ്രക്ഷോഭകര്‍ തീയിട്ടു. മുന്‍മന്ത്രി ജോണ്‍സണ്‍ ഫെര്‍ണാണ്ടോ, സനത് നിഷാന്ത എം.പി എന്നിവരുടെ വീടുകളും വാഹനങ്ങളും അഗ്‌നിക്കിരയാക്കി. കുറുങ്കാല മേയര്‍ തുഷാര സന്‍ജീവയുടെ വസതിയും ജനക്കൂട്ടം ആക്രമിച്ചു.ഗ്രാമപ്രദേശങ്ങളില്‍നിന്നും ബസുകളില്‍ എത്തിച്ച ആയിരക്കണക്കിന് അനുയായികളെ തന്റെ ഓഫീസിനു സമീപം രജപക്സെ നിയോഗിച്ച പിന്നാലെയാണ് അക്രമങ്ങള്‍ തുടങ്ങിയത്. മൂവായിരത്തോളം വരുന്ന അണികളെ അഭിസംബോധന ചെയ്ത രാജപക്സെ രാജ്യത്തിന്റെ താല്‍പര്യം സംരക്ഷിക്കുമെന്നു പ്രതിജ്ഞ എടുത്തു. മഹിന്ദ രാജിവയ്ക്കരുതെന്നാവശ്യപ്പെട്ട് അനുയായികള്‍ ഇന്നലെ രാവിലെ പ്രധാനമ്രന്തിയുടെ ഔദ്യോഗികവസതിയായ ടെമ്പിള്‍ ട്രീസിനു മുന്നില്‍ പ്രകടനം നടത്തി.

ഗാലെയില്‍ കടല്‍ത്തീരത്തുള്ള പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുന്നില്‍ സമരം ചെയ്യുന്ന നിരായുധരായ പ്രതിഷേധക്കാരെ രാജപക്സെ അനുയായികള്‍ ആക്രമിച്ചതോടെയാണു കലാപത്തിനു തുടക്കം. ആദ്യഘട്ടത്തില്‍ രാജപക്സെ കുടുംബത്തെ പിന്തുണയ്ക്കുന്നവര്‍ വ്യാപക അക്രമം അഴിച്ചുവിട്ടു. ജനക്കൂട്ടവും തിരിച്ചടിച്ചതോടെ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയശേഷമുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലിനാണ് ഇന്നലെ ശ്രീലങ്ക സാക്ഷ്യംവഹിച്ചത്. ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ച പോലീസ് കൊളംബോയില്‍ ഉടനടി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പിന്നീട് അത് രാജ്യം മുഴുവനാക്കുകയും ചെയ്തു. അക്രമങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പരുക്കേറ്റ 178 പേരെയെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസിനു പിന്തുണ നല്‍കാന്‍ സൈന്യത്തിന്റെ കലാപവിരുദ്ധ സേനയെ വിളിച്ചിട്ടുണ്ട്. തൊട്ടുപിന്നാലെ, ജനങ്ങള്‍ സംയമനം പാലിക്കണമെന്നു ട്വിറ്റര്‍ സന്ദേശത്തിലൂടെ അഭ്യര്‍ഥിച്ചശേഷമാണു മഹിന്ദ രാജിവച്ചത്. എന്നാല്‍, മഹിന്ദയുടെ അനുയായികള്‍തന്നെയാണു കലാപമുണ്ടാക്കുന്നതെന്നു മുന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാര ആരോപിച്ചു.

Share
അഭിപ്രായം എഴുതാം