തൃശ്ശൂർ: എം.ജി. റോഡിന് സമീപമുള്ള ശങ്കരയ്യ റോഡിൽ വ്യാപാര സമുച്ചയത്തിലേക്ക് പോത്ത് ഓടിക്കയറുകയും അവിടെയുണ്ടായിരുന്നവരെ ഇടിച്ചിടുകയും ചെയ്തു. 2022 ഏപ്രിൽ 30 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കെട്ടിടത്തിലേക്ക് ഓടിക്കയറുന്നതിനിടെ വാഹനങ്ങൾ ഇടിച്ചിടുകയും ചെയ്തു.
കെട്ടിടത്തിന്റെ ഒരു മുറിയിലേക്ക് ഓടിക്കയറിയ പോത്തിനെ നാട്ടുകാർ തടഞ്ഞുവെച്ചു. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന പോത്തിനെ തളച്ചു. പോത്ത് എവിടെ നിന്നാണെത്തിയതാണെന്ന കാര്യം വ്യക്തമല്ല. മൂക്കുകയറുള്ളതിനാൽ കെട്ടുപൊട്ടിച്ചെത്തിയതെന്നാണ് നിഗമനം. തളച്ചശേഷം പോത്തിനെ കോർപറേഷന്റെ കീഴിലുള്ള ഏതെങ്കിലും ഷെൽട്ടറിലാക്കുമെന്നും ഉടമസ്ഥൻ എത്തിയാൽ ഫൈൻ ചുമത്തിയ ശേഷം വിട്ടുനൽകുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പ്രതികരിച്ചു.