വലിയപറമ്പില്‍പടി-ഈട്ടിച്ചുവട് റോഡ് സമഗ്ര വികസനത്തിന് സഹായകമാകും: ചീഫ് വിപ്പ്

റാന്നിയുടെ സമഗ്രവികസനത്തിന് സഹായകമാകുന്ന റോഡാണ് വലിയപറമ്പില്‍പടി-ഈട്ടിച്ചുവട് റോഡ് എന്ന് ഗവ.ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് പറഞ്ഞു. വലിയപറമ്പില്‍പടി-ഈട്ടിച്ചുവട് റോഡിന്റെ നിര്‍മാണ ഉദ്ഘാടനം തേരിട്ടമടയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഗവ. ചീഫ് വിപ്പ്. നാടിന്റെ പുനര്‍നിര്‍മിതിക്ക് സാധ്യമാകുന്ന പദ്ധതിയാണ് റീ ബില്‍ഡ് കേരള. റാന്നിയിലെ നോളജ് വില്ലേജ് വിദ്യാഭ്യാസത്തില്‍ മറ്റുള്ള ജില്ലയ്ക്ക് മാതൃകയാകും. വരുംകാല റാന്നിയെ ആധുനിക റാന്നിയായി കെട്ടിപ്പടുക്കാനാണ് നോളജ് വില്ലേജ് ആരംഭിക്കുന്നത്. ഗ്രാമീണ റോഡിന്റെ മുഖഛായ മാറ്റുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്.

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ ആധുനിക രീതിയിലാണ് വലിയപറമ്പില്‍പടി-ഈട്ടിച്ചുവട് റോഡിന്റെ നിര്‍മാണം. വലിയപറമ്പില്‍പ്പടിയില്‍ നിന്ന് ആരംഭിച്ച് ഈട്ടിച്ചുവട് വരെ ഉള്ള 1.332 കിമീ റോഡ് ആണ് പ്രവര്‍ത്തിയില്‍ നവീകരിക്കുന്നത്. പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ കൂടെയാണ് റോഡ് കടന്നു പോകുന്നത്. 1.7 കോടി രൂപയാണ് നിര്‍മാണ ചിലവ്. പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണ കാലാവധി എട്ടു മാസമാണ്. ആവശ്യമുള്ളയിടത്തു സംരക്ഷണ ഭിത്തിയും ഒരു കലുങ്കിന്റെ പുനര്‍നിര്‍മാണവും വെള്ളം ഒഴുക്കി കളയുവാന്‍ 407 മീറ്റര്‍ നീളത്തില്‍ ഓടയും, 483 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് ഡ്രൈനും നല്‍കിയിട്ടുണ്ട്. റോഡ് ട്രാഫിക് സേഫ്റ്റി പ്രവൃത്തികളായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ദിശാസൂചക ബോര്‍ഡുകള്‍, ക്രാഷ് ബാരിയര്‍, എന്നിവയും നിര്‍മിക്കുമെന്നും ചീഫ് വിപ്പ് പറഞ്ഞു.

അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍, മുന്‍ എംഎല്‍എ രാജു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്‌സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എസ്. സുജ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണ്‍ എബ്രഹാം, പഞ്ചായത്ത് അംഗം ചാക്കോ വളയനാട്ട്, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം