ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക ലക്ഷ്യം: മന്ത്രി കെ. രാജന്‍

ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. അടൂര്‍ എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ നടന്ന അടൂര്‍ താലൂക്ക്തല പട്ടയമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ മനുഷ്യരേയും ഭൂമിയുടെ ഉടമസ്ഥരാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. റവന്യു വകുപ്പിനെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ ചെയ്യും. ഒരു വര്‍ഷത്തിനുള്ളില്‍ പത്തനംതിട്ട ജില്ലയില്‍ റവന്യു വകുപ്പിന്റെ സമ്പൂര്‍ണ ഇ- വല്‍ക്കരണം സാധ്യമാക്കും. വില്ലേജ് ഓഫീസുകളേയും ജനാധിപത്യവത്കരിക്കുകയാണ് ലക്ഷ്യം. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യം അടിസ്ഥാനമാക്കി ജനക്ഷേമപരമായ വിവിധ പദ്ധതികളിലൂടെ സമ്പൂര്‍ണ പരിഷ്‌കരണമാണ് ലക്ഷ്യമിടുന്നത്. നെല്‍വയല്‍ തണ്ണീര്‍തട നിയമം തണ്ണീര്‍തടവും നെല്‍വയലും സംരക്ഷിക്കുവാനുള്ളതാണെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഊര്‍ജ്ജസ്വലമായാണ് റവന്യു മന്ത്രി കെ. രാജന്‍ ഇടപെടുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂരില്‍  നടന്ന പട്ടയമേളയില്‍  അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. ഭൂമിസംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ജില്ലകളില്‍  സഞ്ചരിക്കുകയും ജനപ്രതിനിധികളുടേയും റവന്യു ഉദ്യോഗസ്ഥരുടേയും അഭിപ്രായം സ്വരൂപിച്ച് വളരെവേഗം പരിഹാരം കണ്ടെത്താനും മന്ത്രി ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ 2018ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് മുത്തൂറ്റ് ഗ്രൂപ്പ് നിര്‍മിച്ച് നല്‍കിയിട്ടുള്ള 6 വീടുകളുടെ താക്കോല്‍ദാന കര്‍മവും അടൂര്‍ താലൂക്കില്‍ 177 കുടുംബങ്ങള്‍ക്ക് 87,45,000 രൂപ പ്രകൃതിക്ഷോഭ ധനസഹായ വിതരണം ചെയ്തതിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനവും മന്ത്രി നടത്തി.

അടൂര്‍ താലൂക്കില്‍ 20 എല്‍എ പട്ടയങ്ങളും 3 എല്‍റ്റി പട്ടയങ്ങളും ഉള്‍പ്പെടെ ആകെ 23 പട്ടയങ്ങള്‍ വിതരണം ചെയ്തു. അടൂര്‍ മണ്ഡലത്തില്‍ 18 എല്‍എ പട്ടയങ്ങളും 3 എല്‍റ്റി പട്ടയങ്ങളും ഉള്‍പ്പെടെ ആകെ 21 പട്ടയങ്ങളാണ് വിതരണം ചെയ്തത്. നെല്‍വയല്‍ തണ്ണീര്‍തട നിയമപ്രകാരം ഭൂമി തരം മാറ്റം ചെയ്യപ്പെട്ട നൂറു ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ രേഖകളും വിതരണം ചെയ്തു.

നിയമസഭ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, അഡ്വ. കെ.യു.ജനീഷ് കുമാര്‍ എം എല്‍ എ, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജി, പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുശീലാ സന്തോഷ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍ പിള്ള, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനില്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.രാജഗോപാലന്‍ നായര്‍, വി.എസ്. ആശ, കെ.കെ. ശ്രീധരന്‍, എസ്.രാജേന്ദ്രപ്രസാദ്, സന്തോഷ് ചാത്തന്നൂപ്പുഴ, പ്രിയങ്ക പ്രതാപ്, റോണി സക്കറിയ, സുശീല കുഞ്ഞമ്മ കുറുപ്പ്, സി.പി.ഐ. ജില്ലാ സെക്രട്ടറി എ.പി.ജയന്‍,  എഡിഎം അലക്‌സ് പി തോമസ്, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള, അടൂര്‍ തഹസീല്‍ദാര്‍ ജി.കെ. പ്രദീപ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം