സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാമത് നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായും മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായും പത്തനംതിട്ട ജില്ലയിലെ പട്ടയമേള ഏപ്രില്‍ 25 ന് റവന്യു മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. കോഴഞ്ചേരി, മല്ലപ്പള്ളി, റാന്നി, തിരുവല്ല, കോന്നി താലൂക്കുകളിലെ പട്ടയവിതരണം പത്തനംതിട്ടയിലും അടൂര്‍ താലൂക്കിലെ പട്ടയ വിതരണം അടൂരിലും നടക്കും. ഏപ്രില്‍ 25ന് പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം മൂന്നിന് നടക്കുന്ന പട്ടയമേള റവന്യു-ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ആരോഗ്യ-കുടുംബക്ഷേമ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.
അടൂര്‍ താലൂക്ക് പട്ടയമേള ഏപ്രില്‍ 25ന് വൈകുന്നേരം 4.30 ന് അടൂര്‍ എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ റവന്യു-ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ നിയമസഭ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. എംപി, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഈ ചടങ്ങുകളില്‍ 2018ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് മുത്തൂറ്റ് ഗ്രൂപ്പും, മുത്തൂറ്റ് ഫിന്‍കോര്‍പ്പും നിര്‍മിച്ച് നല്‍കിയിട്ടുള്ള 12 വീടുകളുടെ (കോഴഞ്ചേരി താലൂക്ക് 6, അടൂര്‍ താലൂക്ക് 6) താക്കോല്‍ദാന കര്‍മവും അടൂര്‍ താലൂക്കില്‍ 177 കുടുംബങ്ങള്‍ക്ക് 87,45,000 രൂപ പ്രകൃതിക്ഷോഭ ധനസഹായ വിതരണം ചെയ്തതിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനവും നടത്തും.
ജില്ലയില്‍ ആകെ 260 പട്ടയങ്ങളും രണ്ട് കൈവശ രേഖകളുമാണ് വിതരണം ചെയ്യുന്നത്. ഇതില്‍ 202 എല്‍എ പട്ടയങ്ങളും 58 എല്‍റ്റി പട്ടയങ്ങളും ഉള്‍പ്പെടുന്നു. കോഴഞ്ചേരി താലൂക്കില്‍ 18 എല്‍എ പട്ടയങ്ങളും രണ്ട് എല്‍റ്റി പട്ടയങ്ങളും ഉള്‍പ്പെടെ ആകെ 20 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ഇതിനു പുറമേ രണ്ട് കൈവശ രേഖകളും വിതരണം ചെയ്യും.
റാന്നി താലൂക്കില്‍ 82 എല്‍എ പട്ടയങ്ങളും 9 എല്‍റ്റി പട്ടയങ്ങളും ഉള്‍പ്പെടെ ആകെ 91 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. തിരുവല്ല താലൂക്കില്‍ 21 എല്‍എ പട്ടയങ്ങളും 24 എല്‍റ്റി പട്ടയങ്ങളും ഉള്‍പ്പെടെ ആകെ 45 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. കോന്നി താലൂക്കില്‍ 39 എല്‍എ പട്ടയങ്ങളും 12 എല്‍റ്റി പട്ടയങ്ങളും ഉള്‍പ്പെടെ ആകെ 51 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. മല്ലപ്പള്ളി താലൂക്കില്‍ 22 എല്‍എ പട്ടയങ്ങളും 8 എല്‍റ്റി പട്ടയങ്ങളും ഉള്‍പ്പെടെ ആകെ 30 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. അടൂര്‍ താലൂക്കില്‍ 20 എല്‍എ പട്ടയങ്ങളും 3 എല്‍റ്റി പട്ടയങ്ങളും ഉള്‍പ്പെടെ ആകെ 23 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്.
മണ്ഡലം തിരിച്ചുള്ള കണക്ക്: ആറന്മുള മണ്ഡലത്തില്‍ 28 എല്‍എ പട്ടയങ്ങളും 3 എല്‍റ്റി പട്ടയങ്ങളും ഉള്‍പ്പെടെ ആകെ 31 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ഇതിനു പുറമേ ആറന്മുള മണ്ഡലത്തില്‍ രണ്ട് കൈവശ രേഖകളും വിതരണം ചെയ്യും. തിരുവല്ല മണ്ഡലത്തില്‍ 30 എല്‍എ പട്ടയങ്ങളും 28 എല്‍റ്റി പട്ടയങ്ങളും ഉള്‍പ്പെടെ ആകെ 58 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. റാന്നി മണ്ഡലത്തില്‍ 85 എല്‍എ പട്ടയങ്ങളും 12 എല്‍റ്റി പട്ടയങ്ങളും ഉള്‍പ്പെടെ ആകെ 97 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. കോന്നി മണ്ഡലത്തില്‍ 41 എല്‍എ പട്ടയങ്ങളും 12 എല്‍റ്റി പട്ടയങ്ങളും ഉള്‍പ്പെടെ ആകെ 53 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. അടൂര്‍ മണ്ഡലത്തില്‍ 18 എല്‍എ പട്ടയങ്ങളും 3 എല്‍റ്റി പട്ടയങ്ങളും ഉള്‍പ്പെടെ ആകെ 21 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്.
‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് ‘എന്ന ലക്ഷ്യം അടിസ്ഥാനമാക്കി ജനക്ഷേമപരമായ വിവിധ പദ്ധതികളുമായി റവന്യു വകുപ്പ് പുതിയൊരു യുഗത്തിന് നാന്ദികുറിച്ചിരിക്കുകയാണ്. സേവനങ്ങള്‍ സ്മാര്‍ട്ട് ആക്കുന്നതിന്റെ ഭാഗമായി, പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഫയലുകളുടെ തല്‍സ്ഥിതി എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന തരത്തില്‍ പത്തനംതിട്ട ജില്ലയിലെ കളക്ടറേറ്റ്, അടൂര്‍, തിരുവല്ല റവന്യു ഡിവിഷണല്‍ ഓഫീസുകള്‍, പത്തനംതിട്ട എല്‍.എ (ജനറല്‍) സ്പെഷ്യല്‍ തഹസീല്‍ദാരുടെ കാര്യാലയം, റാന്നി, കോന്നി, മല്ലപ്പള്ളി താലൂക്ക് ഓഫീസുകള്‍, ഈ താലൂക്കുകളുടെ പരിധിയിലുള്ള 33 വില്ലേജ് ഓഫീസുകളിലും ഇ-ഓഫീസ് പദ്ധതി നടപ്പാക്കിയിട്ടുണ്ട്.