മധുസൂദനന്‍ ഓര്‍മിപ്പിച്ചു; ഭിന്നശേഷിക്കുട്ടികളുടെ കാര്യത്തില്‍ മന്ത്രിയുടെ ത്വരിത നടപടി

ഇരുചക്രവാഹനത്തില്‍ മൂന്ന് പേര്‍ സഞ്ചരിക്കുന്നത് കുറ്റകരമാണ്. സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ വഴി വാഹനത്തിന്റെ ചിത്രം പകര്‍ത്തുകയും പിഴ ഈടാക്കുകയും ചെയ്യും. എന്നാല്‍, പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടന്ന വാഹനീയം അദാലത്തിലെത്തിയ മധുസൂദനന്റെ പരാതിയും ഇതു തന്നെയായിരുന്നു. ഭിന്നശേഷിക്കാരനായ പന്ത്രണ്ട് വയസുകാരന്‍ മകനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് സ്പീച്ച് തെറാപ്പിക്കും മറ്റുമായി കൊണ്ടുപോകുന്നത് ഭാര്യയ്ക്കൊപ്പം ഇരുചക്രവാഹനത്തിലാണ്.

മകന്റെ ചികിത്സാ ആവശ്യങ്ങള്‍ക്കായി പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ മധുസൂദനന്‍ സാമ്പത്തിക ബുദ്ധിമുട്ടുകാരണമാണ് യാത്ര ഇരുചക്രവാഹനത്തിലാക്കുന്നത്. എന്നാല്‍, മൂന്ന് പേര്‍ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ പല തവണ കാമറകള്‍ വഴി പിഴ ഈടാക്കിയിരുന്നു. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഇത്തരം ആവശ്യങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് ഒരു പൊതുസര്‍ക്കുലര്‍ ഇറക്കുമെന്ന ഉറപ്പാണ് മന്ത്രി ആന്റണി രാജു നല്‍കിയത്.

Share
അഭിപ്രായം എഴുതാം