13 വയസുകാരിയെ പീഡിപ്പിച്ചത് 80 പേര്‍; ആന്ധ്രയിലും തെലങ്കാനയിലും കൂട്ട അറസ്റ്റ്

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും വേശ്യാവൃത്തിക്ക് ഉപയോഗിക്കുകയും ചെയ്ത സംഭവത്തില്‍ ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി 74 പേര്‍ അറസ്റ്റില്‍. ഗുണ്ടൂര്‍ സ്വദേശിയായ 13 വയസുകാരിയെയാണ് എട്ടുമാസത്തിനിടെ എണ്‍പതിലേറെപ്പേര്‍ ചേര്‍ന്നു പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം പത്തുപേരെക്കൂടി അറസ്റ്റ് ചെയ്തതോടെ കേസില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം 74 ആയെന്നു പോലീസ് അറിയിച്ചു. സ്വര്‍ണകുമാരി എന്ന സ്ത്രീയാണു കേസിലെ മുഖ്യപ്രതി. ഇവരാണ് പെണ്‍കുട്ടിയെ പലര്‍ക്കായി െകെമാറിയതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ജൂണില്‍ കോവിഡ് ആശുപത്രിയില്‍വച്ചാണ് പെണ്‍കുട്ടിയുടെ അമ്മയുമായി സ്വര്‍ണകുമാരി സൗഹൃദത്തിലായത്. കുട്ടിയുടെ അമ്മ മരിച്ചതോടെ സംരക്ഷണച്ചുമതല സ്വര്‍ണകുമാരി ഏറ്റെടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനെയോ മറ്റു ബന്ധുക്കളെയോ അറിയിക്കാതെയായിരുന്നു കുട്ടിയെ കടത്തിക്കൊണ്ടുപോയത്. തുടര്‍ന്ന് ആന്ധ്രയിലെയും തെലങ്കാനയിലെയും വിവിധ കേന്ദ്രങ്ങളിലെത്തിച്ച് വേശ്യാവൃത്തിക്കു നിര്‍ബന്ധിക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പരാതി നല്‍കിയതോടെയാണു പോലീസ് അന്വേഷണം ആരംഭിച്ചത്. സ്വര്‍ണകുമാരിയെ അറസ്റ്റ് ചെയ്ത പോലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആറു പേരെക്കൂടി പിടികൂടാനുണ്ട്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

Share
അഭിപ്രായം എഴുതാം