മുംബൈ: ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ മുന്‍കൂര്‍ അനുമതി വേണമെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍. ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ അടുത്തമാസം മൂന്നിനു മുമ്പ് അനുമതി വാങ്ങിയിരിക്കണമെന്നാണ് നിര്‍ദേശം. അതിനുശേഷം അനുമതിയില്ലാതെ പ്രവര്‍ത്തിപ്പിക്കുന്നവ നീക്കം ചെയ്യും.അനുവദിക്കപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ശബ്ദത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നവ പോലീസ് പിടിച്ചെടുക്കുമെന്നും സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ആഭ്യന്തരമന്ത്രി ദിലീപ് വല്‍സെ പാട്ടീലും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണു തീരുമാനം പ്രഖ്യാപിച്ചത്. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളെച്ചൊല്ലി വിവിധ സംഘടനകള്‍ തമ്മില്‍ വാഗ്വാദം തുടരുന്നതിനിടെയാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.മുസ്ലിം ആരാധനാലയങ്ങളില്‍നിന്ന് ഉച്ചഭാഷിണി നീക്കിയില്ലെങ്കില്‍ പള്ളികള്‍ക്കു മുന്നില്‍ ഹനുമാന്‍ ചാലിസ പ്രക്ഷേപണം ചെയ്യുമെന്നു മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ നേതാവ് രാജ് താക്കറെയുടെ പ്രസ്താവനയാണു വിവാദം ആളിക്കത്തിച്ചത്.
മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നായിരുന്നു ഇതിനോട് ആഭ്യന്തരമന്ത്രി ദിലീപ് വല്‍സെയുടെ പ്രതികരണം. ക്ഷേത്രം, പള്ളികള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികള്‍ നീക്കില്ല. അതേസമയം ശബ്ദമലിനീകരണം സംബന്ധിച്ച നിയമങ്ങള്‍ കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

