മെഡിക്കൽ കോളേജിലെ യാത്രാക്ലേശത്തിന് പരിഹാരം; ഫ്ളൈ ഓവർ യാഥാർത്ഥ്യമാകുന്നു

*മന്ത്രി വീണാ ജോർജ് ഫ്ളൈ ഓവർ സന്ദർശിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിർമ്മാണം പൂർത്തിയായി വരുന്ന ഫ്ളൈ ഓവർ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. ഫ്ളൈ ഓവറിന്റെ അന്തിമ ജോലികൾ പൂർത്തിയാക്കി എത്രയും വേഗം ജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജിലെത്തുന്ന ജനങ്ങളുടേയും ജീവനക്കാരുടേയും ദീർഘകാലമായുള്ള ആവശ്യമാണ് ഇതിലൂടെ സാക്ഷാത്ക്കരിക്കുന്നത്. മെഡിക്കൽ കോളേജ് കാമ്പസിലെ യാത്രാക്ലേശം ഇതോടെ വലിയ അളവുവരെ പരിഹരിക്കാൻ സാധിക്കും. മെഡിക്കൽ കോളേജ് മാസ്റ്റർ പ്ലാനിന്റെ ഭാഗമായി 58 കോടി രൂപയുടെ ആദ്യഘട്ട വികസനപ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. റോഡ് മേൽപ്പാല നിർമ്മാണത്തിന് 18.06 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കാമ്പസിലുള്ള ആറ് പ്രധാന റോഡുകളുടേയും പാലത്തിന്റേയും നിർമ്മാണ പ്രവർത്തനങ്ങളാണ് പൂത്തിയാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കൽ കോളേജ് ജംഗ്ഷനിലെ പിഎംആറിനും മെൻസ് ഹോസ്റ്റലിനും സമീപം മുതൽ ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻവശം വരെ നീളം വരുന്നതാണ് പുതിയ ഫ്ളൈ ഓവർ. 96 മീറ്റർ അപ്രോച്ച് റോഡുമുണ്ട്. 12 മീറ്ററാണ് മേൽപ്പാലത്തിന്റെ വീതി. മോട്ടോർ വേ 7.05 മീറ്ററും വാക് വേ 04.05 മീറ്ററുമാണ്. ഇന്ത്യയിൽ അപൂർവമായിട്ടുള്ള ജോയിന്റ് ഫ്രീ മേൽപ്പാലമാണിത്. യൂണീഫോം സ്ലോപ്പിലാണ് ഈ മേൽപ്പാലം നിർമ്മിച്ചിട്ടുള്ളത്. എസ്.എ.ടി. ആശുപത്രി, നഴ്സിംഗ് കോളേജ്, എസ്.എസ്.ബി., ശ്രീചിത്ര, ആർസിസി, മെഡിക്കൽ കോളേജ്, പ്രിൻസിപ്പൽ ഓഫീസ്, സി.ഡി.സി., പി.ഐ.പി.എം.എസ്. എന്നിവിടങ്ങളിൽ തിരക്കിൽപ്പെടാതെ നേരിട്ടെത്താനാവും. ഇതിലൂടെ പ്രധാന ഗേറ്റുവഴി അത്യാഹിത വിഭാഗത്തിലും ആശുപത്രിയിലും തിരക്കില്ലാതെ എത്താനും സാധിക്കും. വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മന്ത്രി പലവട്ടം നേരിട്ട് സന്ദർശിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് കർശന നിർദേശം നൽകുകയും ചെയ്തു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, കൗൺസിലർ ഡി.ആർ. അനിൽ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.



Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →