കേബിള്‍ കാര്‍ ദുരന്തം: ഒരു മരണം കൂടി

റാഞ്ചി: ഝാര്‍ഖണ്ഡിലെ ത്രികുത് പര്‍വതത്തില്‍ റോപ്വേയില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ഇന്നലെ വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഒരു സ്ത്രീ താഴെ വീണു മരിച്ചു. ആകെ 40 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് ഇന്നലെ പൂര്‍ത്തിയായത്. ഇന്നലെ 14 പേരെയാണു രക്ഷപ്പെടുത്തിയത്.

എഴുപതിലേറെപ്പേരായിരുന്നു അപകട സമയത്ത് കേബിള്‍ കാറിലുണ്ടായിരുന്നത്. വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ദുരന്തനിവാരണ സേനയും (എന്‍.ഡി.ആര്‍.എഫ്) ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഞായറാഴ്ച വൈകിട്ട് 4.30നാണ് അപകടമുണ്ടായത്. ഇതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ കേബിള്‍ കാറുകളില്‍ കുടുങ്ങി. അപകടകാരണം സാങ്കേതികത്തകരാറാണെന്ന് അധികൃതര്‍ പറഞ്ഞു.
റോപ്വേയുടെ നടത്തിപ്പുകാരായ സ്വകാര്യ കമ്പനിയുടെ മാനേജരും ജീവനക്കാരും ഒളിവിലാണ്. ഝാര്‍ഖണ്ഡിലെ ഏറ്റവും ഉയരമേറിയ റോപ്വേയാണു ത്രികുക് മലനിരകളിലേത്. 470 മീറ്റര്‍ ഉയരത്തില്‍വച്ചായിരുന്നു അപകടം.

Share
അഭിപ്രായം എഴുതാം