തിരുവനന്തപുരം: കെവി തോമസിന് എതിരായ നടപടി അച്ചടക്ക സമിതി തീരുമാനിക്കുമെന്ന് കെസി വേണുഗോപാല്‍. സമിതി തിങ്കളാഴ്ച യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. എഐസിസിയുമായി കൂടിയാലോചന നടത്താതെ സുധാകരന്‍ എടുത്ത് ചാടി വിലക്ക് ഏര്‍പെടുത്തിയോ എന്ന ചോദ്യത്തിന് താന്‍ ഉത്തരം പറയാനില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു. വിലക്ക് വന്ന സാഹചര്യത്തില്‍ എഐസിസി അതിനെ മറികടക്കണ്ടെന്ന് തീരുമാനിച്ചതാണെന്ന് പറഞ്ഞ അദ്ദേഹം പിണറായി വിജയനുമായി കെവി തോമസിന് അടുത്ത ബന്ധമെന്ന് തെളിഞ്ഞതായും ചൂണ്ടിക്കാട്ടി. പിണറായിയുടെ ഉദ്ദേശം അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകുമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ‘കെവി തോമസും സിപിഎമ്മും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പ്രതികരിക്കാനില്ല. അച്ചടക്ക സമിതിയാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതില്‍ ശുപാര്‍ശ ചെയ്യേണ്ടത്. ആ കമ്മിറ്റി നാളെതന്നെ കൂടുമെന്നാണ് കരുതുന്നത്’, വേണുഗോപാല്‍ പറഞ്ഞു.
ഒരു ചുക്കും സംഭവിക്കില്ല തോമസ് പാര്‍ട്ടിയില്‍ തന്നെയുണ്ടാവുമെന്ന് പിണറായി പറയുമ്പോള്‍ എന്താണ് അദ്ദേഹത്തിന്റെ ഉദ്ദേശമെന്ന് എല്ലാവര്‍ക്കും മനസിലാകും. കെവി തോമസ് എഐസിസി മെമ്പറാണ്. എഐസിസി മെമ്പറെ പുറത്താക്കുന്നതിന് ചില നടപടി ക്രമങ്ങളുണ്ട്. അതനുസരിച്ച് പിസിസിയുടെ ശുപാര്‍ശ എഐസിസി പ്രസിഡണ്ടിന് കിട്ടിയിട്ടുണ്ട്. ശുപാര്‍ശ അച്ചടക്ക സമിതിക്ക് അയച്ചിട്ടുണ്ട്- വേണുഗോപാല്‍ പറഞ്ഞു.

