‘അരുമയോടൊപ്പം അറിവിലേക്ക്’ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

-ജില്ലയെ സമ്പൂര്‍ണ പത്താംതരം, ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ നിലവാരത്തിലേക്കുയര്‍ത്തും

ജില്ലയെ സമ്പൂര്‍ണ പത്താംതരം, ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ നിലവാരത്തിലേക്കുയര്‍ത്തുന്നതിന് ‘അരുമയോടൊപ്പം അറിവിലേക്ക്’ എന്ന പേരില്‍ പദ്ധതി നടപ്പാക്കും. ത്രിതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായി ജില്ലാ സാക്ഷരതാമിഷന്‍ മുഖേനയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. ഇതിന്റെ ഭാഗമായുള്ള പ്രേരക് സംഗമം ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കളില്‍ നിന്നും പത്താംതരം, ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ യോഗ്യത നേടിയിട്ടില്ലാത്തവരെ തുല്യതാ കോഴ്സില്‍ രജിസ്റ്റര്‍ ചെയ്ത് അതാത് സ്‌കൂള്‍ പഠനകേന്ദ്രങ്ങളാക്കി ക്ലാസ്സ് നല്‍കും.സ്‌കൂള്‍ പി.ടി.എ യുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സാക്ഷരതാമിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന തുല്യതാ പരീക്ഷയെഴുതാന്‍ രക്ഷകര്‍ത്താക്കളെ പദ്ധതിവഴി പ്രാപ്തരാക്കും. വീടുകളില്‍ പഠനനിലവാരം ഉയര്‍ത്താനും പദ്ധതി സഹായകമാവും.

ആദ്യ ഘട്ടത്തില്‍ ഒരു ഗ്രാമപഞ്ചായത്തില്‍ നിന്ന് പത്താംതരം തുല്യതാ കോഴ്സിലേക്കും പ്ലസ് വണ്‍ തുല്യതാ കോഴ്സിലേക്കും 50 വീതം രക്ഷകര്‍ത്താക്കളെ തിരഞ്ഞെടുക്കും. പദ്ധതി തുകയുടെ 60 ശതമാനം ഗ്രാമപഞ്ചായത്തും, 30 ശതമാനം ബ്ലോക്ക് പഞ്ചായത്തും, 10 ശതമാനം ജില്ലാ പഞ്ചായത്തും വഹിക്കണം. ജില്ലയിലെ മുഴുവന്‍ ഹൈസ്‌കൂളുകളിലും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും ഇതിന്റെ ഭാഗമായി തുല്യതാ ക്ലാസ്സുകള്‍ സംഘടിപ്പിക്കും. പദ്ധതിയുടെ ഭാഗമായി, ജില്ലാപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍ പഠനകേന്ദ്രങ്ങളായി തിരഞ്ഞെടുക്കുന്ന സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ ഭാരവാഹികളുടെ യോഗം ജില്ലാതലത്തില്‍ വിളിച്ചുചേര്‍ക്കും.

ചടങ്ങില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.എച്ച്.സാബു മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീര്‍ പദ്ധതി വിശദീകരിച്ചു. വിരമിച്ച പ്രേരക്മാരായ ഉണ്ണിമാധവന്‍, ഒ.എം.ബാലന്‍ എന്നിവരെ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ എന്‍.എം.വിമല ആദരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം ഇ.സിന്ധു, പ്രേരക് സംഘടനാ പ്രതിനിധികളായ പി.സത്യന്‍, ശശികുമാര്‍ ചേളന്നൂര്‍, എന്‍.കെ.ശാന്ത, ഉണ്ണിമാധവന്‍, ഒ.എം,ബാലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സാക്ഷരതാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.പ്രശാന്ത് കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.വി.ശാസ്ത പ്രസാദ് നന്ദിയും പറഞ്ഞു.

Share
അഭിപ്രായം എഴുതാം