‘ജനങ്ങളെ കൊല്ലുന്ന കമ്യൂണിസ്റ്റുകാർ 124 എയെ കുറിച്ച് പഠിപ്പിക്കാന്‍ വരുന്നു’ രാജ്യസഭയില്‍ ബിനോയ് വിശ്വത്തിന് അമിത് ഷായുടെ മറുപടി

ന്യൂഡല്‍ഹി: ക്രമിനല്‍ നടപടി തിരിച്ചറിയല്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നതിനിടെ 06/04/22 ബുധനാഴ്ച കേന്ദ്ര ആഭ്യന്ത്രരമന്ത്രി അമിത് ഷായും ബിനോയ് വിശ്വം എം.പിയും തമ്മില്‍ തര്‍ക്കം.

നിയമം ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ബിനോയ് വിശ്വം ആരോപിച്ചു. എന്നാല്‍ ഒരു നിയമവും ദുരുപയോഗം ചെയ്യുന്നില്ലെന്ന് അമിത് ഷാ മറുപടി നല്‍കി. രാഷ്ട്രീയ കൊലപാതകം നടക്കുന്ന കേരളത്തില്‍ നിന്നുള്ള അംഗമായ ബിനോയ് വിശ്വത്തിന് അങ്ങനെ പറയാന്‍ അവകാശമില്ലെന്നും അമിത് ഷാ പറഞ്ഞു.

‘ഭയ്യാ കമ്മ്യൂണിസ്റ്റുകാര്‍ ജനങ്ങളെ കൊല്ലുകയാണ്. എന്റെ പാര്‍ട്ടിയിലെ 100 പേരെങ്കിലും രാഷ്ട്രീയവൈരാഗ്യം മൂലം കൊലചെയ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടാണോ 124 എയെ കുറിച്ച് പഠിപ്പിക്കാന്‍ വരുന്നത്. ദേശദ്രോഹക്കുറ്റം ചുമത്തുന്നതിനെ അംഗീകരിക്കുകയല്ല. നിയമം ദുരുപയോഗം ചെയ്യുന്നില്ല എന്നാണ് പറഞ്ഞത്,’ അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ 124 എ ഒരിക്കലും പ്രയോഗിച്ചിട്ടില്ലെന്ന ബിനോയ് വിശ്വത്തിന്റെ പരാമര്‍ശത്തിന് എന്നാല്‍ അതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്നായിരുന്നു ഷായുടെ മറുപടി.

‘ഈ സഭയില്‍ മറ്റുള്ളവര്‍ നല്‍കിയ മറുപടിയിലും കേരളത്തിലെ ഉദാഹരണങ്ങളുണ്ട്. അത് സഭയില്‍ വെക്കാന്‍ തയ്യാറാണ്,’ ഷാ മറുപടി നല്‍കി.

എങ്കില്‍ ഒരു ഉദാഹരണമെങ്കിലും പറയാന്‍ ബിനോയ് വിശ്വം വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ബിനോയ് വിശ്വത്തിനെ പിന്തുണച്ച് സി.പി.ഐയുടെ നവാഗത എം.പിയായ സന്തോഷ് കുമാറും രംഗത്തെത്തിയിരുന്നു.

Share
അഭിപ്രായം എഴുതാം