കൊച്ചിയില്‍ നിയമം ലംഘിച്ച ബോട്ടുകള്‍ക്ക്‌ നിസാര പിഴയിട്ട്‌ വിട്ടയച്ചതായി വിവരാവകാശ രേഖകള്‍

കൊച്ചി: കൊച്ചിയില്‍ ലൈസന്‍സോ, പെര്‍മിറ്റോ ഇല്ലാത്ത ബോട്ടുകള്‍ക്ക്‌ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്‍ പിഴയിളവ്‌ നല്‍കിയത്‌ 10 ലക്ഷം രൂപ . വൈപ്പിന്‍ ഫിഷറീസ്‌ സ്‌റ്റേഷനിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ്‌ നിയമം ലംഘിച്ച ബോട്ടുകള്‍ക്ക്‌ നിസാര പിഴയിട്ട്‌ വിട്ടയച്ചത്‌. വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിലാണ്‌ ഇക്കാര്യം വ്യക്തമാക്കുനന്ത്‌. കേരള മറൈന്‍ ഫിഷിംഗ്‌ റഗുലേഷന്‍സ്‌ ആക്ടുപ്രകാരം മീന്‍ പിടുത്ത ബോട്ടുകള്‍ക്ക്‌ മതിയായ രേഖകളില്ലെങ്കില്‍ ബോട്ടുകളുടെ എഞ്ചിന്‍ ശേഷിയനുസരിച്ച രണ്ടരലക്ഷം രൂപവരെ പിഴയീടാക്കാം. 2019,2020,2021 കാലയളവില്‍ വൈപ്പിന്‍ അഴീക്കല്‍ ഫിഷറീസ്‌ സ്‌റ്റേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടിയ ലേഡിഓഫ്‌ ഹെവന്‍, ,ഗംഗ,സെന്റ്‌ ജെയിംസ്‌, സാഗര്‍ റാണി, ആരോഗ്യ അണ്ണൈ 4, സയ്യാദ്‌ ഹിബത്തുളള എന്നീ ബോട്ടുകള്‍ക്കാണ്‌ പിഴയിനത്തില്‍ വന്‍തുക ഇളവുനല്‍കിയത്‌.

എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടുമ്പോള്‍ ആറുബോട്ടുകളിലും മതിയായ രേഖകളുണ്ടായിരുന്നില്ല. ഗംഗ എന്ന ബോട്ടിന്‌ രജിസട്രേഷനോ ലൈസന്‍സോ ഇല്ല. നിയമ പ്രകാരം ആറുബോട്ടുകളില്‍ നിന്ന്‌ 11.9 ലക്ഷം രൂപപിഴ ഈടാക്കണം. പക്ഷെ മതിയായ സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലെന്ന കുറ്റമാണ്‌ ഉദ്യോഗസ്ഥന്‍ ചുമത്തിയത്‌. ഏറ്റവും ചെറിയ പിഴയിടാവുന്ന കുറ്റമാണിത്‌. ഇതുപ്രകാരം ഓരോ ബോട്ടിനും 28,750 രൂപവീതം പിഴയടപ്പിച്ച്‌ ബോട്ടുകള്‍ വിട്ടയക്കുകയായിരുന്നു.

പിടികൂടുന്ന ബോട്ടില്‍ മീനുണ്ടെങ്കില്‍ ഉദ്യോഗസ്ഥരുടെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും സാന്നിദ്ധ്യത്തില്‍ ഹാര്‍ബറിലെത്തിച്ച്‌ ലേലം ചെയ്‌ത്‌ കിട്ടുന്ന തുക സര്‍ക്കാരിലേക്ക്‌ അടക്കണമെന്നാണ്‌ നിയമം .എന്നാല്‍ ഈ നിയമവും ലംഘിച്ച്‌ പിടിച്ചെടുത്ത ബോട്ടുകളിലെ മീനുകള്‍ ബോട്ടുടമകള്‍ക്ക തിരികെ നല്‍കി . ഇന്‍വെന്‍ററി പട്ടികയില്‍ രേഖപ്പെടുത്തിയതിന്‌ ശേഷമാണ്‌ മീന്‍ തിരികെ നല്‍കിയത്‌. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്‌ അഴീക്കോട്‌ സ്വദേശി സന്ദീപ്‌ മുഖ്യമന്ത്രിക്കും ഫിഷറീസ്‌ മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്‌. സര്‍ക്കാര്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി 10,17,500 രൂപ നഷ്‌ടം വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നാണ്‌ ആവശ്യം.

Share
അഭിപ്രായം എഴുതാം