ന്യൂഡല്‍ഹി: മരുന്നുകളുടെ വില വര്‍ധിപ്പിക്കുമെന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. മരുന്നുകളുടെ വില സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടില്ലെന്നും എന്നാല്‍ മൊത്തവില സൂചികയുമായി ബന്ധിപ്പിച്ചിരിക്കുന്നതും വളരെ കുറഞ്ഞ വിലയുള്ളതുമായ ചില അവശ്യ മരുന്നുകളുടെ വില പണപ്പെരുപ്പ പ്രവണത അനുസരിച്ച് കൂടുകയോ കുറയുകയോ ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി. മൊത്തവില സൂചികയുമായി ബന്ധിപ്പിച്ചിരിക്കുന്ന ചില അവശ്യ മരുന്നുകളുണ്ട്. അവയുടെ വില സൂചികയിലെ ചലനത്തിനനുസരിച്ച് സ്വയമേവ ഉയരുകയോ കുറയുകയോ ചെയ്യാം. ഈ മരുന്നുകളുടെ വില വളരെ കുറവാണ്. അതിനാല്‍ 10 ശതമാനം വര്‍ദ്ധനവ് അവയുടെ വിലയില്‍ നേരിയ വ്യത്യാസം മാത്രമേ വരുത്തുകയുള്ളൂ. ഈ മരുന്നുകളുടെ വിലയില്‍ സര്‍ക്കാറിന് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ഔഷധ വിലനിര്‍ണ്ണയ അതോറിറ്റി (എന്‍പിപിഎ) 800 മരുന്നുകളുടെ വില വില വര്‍ധിപ്പിക്കാന്‍ അടുത്തിടെ അനുമതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ആശങ്ക ഉയര്‍ന്നത്. എന്‍പിപിഎ അംഗീകരിച്ച വില വര്‍ദ്ധനയുള്ള മരുന്നുകള്‍ ദേശീയ അവശ്യ മരുന്നുകളുടെ (എന്‍എല്‍ഇഎം) വില നിയന്ത്രണത്തിന് കീഴിലാണ്. ഏപ്രില്‍ ഒന്നു മുതലാണ് ഇവയുടെ വില വര്‍ധിപ്പിച്ചത്.