ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി തുക വിനിയോഗം; ആലപ്പുഴ ജില്ല ഒന്നാം സ്ഥാനത്ത്

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2021-22 വാര്‍ഷിക പദ്ധതി തുക വിനിയോഗത്തില്‍ സംസ്ഥാന തലത്തില്‍ ആലപ്പുഴ ജില്ല ഒന്നാം സ്ഥാനത്ത്. 92.52 ശതമാനമാണ് ജില്ലയുടെ വിനിയോഗം.  

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ആകെ പദ്ധതി പുരോഗതിയിലാണ് ഈ നേട്ടം. പൊതുവിഭാഗം വികസന ഫണ്ട്, പട്ടികജാതിക്കാര്‍ക്കുള്ള പ്രത്യേക ഘടക പദ്ധതി, പട്ടിക വര്‍ഗ ഉപപദ്ധതി, പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് എന്നീ വിഭാഗങ്ങളിലായി ആലപ്പുഴ ജില്ലയ്ക്ക് അനുവദിച്ച 385.68 കോടി രൂപയില്‍ 356.83 കോടി രൂപയാണ് 72 ഗ്രാമ പഞ്ചായത്തുകള്‍, 12 ബ്ലോക്ക് പഞ്ചായത്തുകള്‍, ആറു നഗരസഭകള്‍,  ജില്ലാ പഞ്ചായത്ത് എന്നിവയിലൂടെ ചെലവഴിച്ചത്. 

പട്ടികജാതി വിഭാഗത്തിനുള്ള പ്രത്യേക ഘടക പദ്ധതിയില്‍ 67.01 കോടി രൂപയും പട്ടികവര്‍ഗ്ഗ വിഭാഗത്തിനുള്ള ഉപപദ്ധതിയില്‍ 68.03 ലക്ഷം രൂപയും ജില്ല ചെലവഴിച്ചു. കഴിഞ്ഞ വര്‍ഷം ജില്ല സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു.

ജില്ലയിലെ മുഹമ്മ (121.76 ശതമാനം), കാര്‍ത്തികപ്പള്ളി (121.15 ശതമാനം) പുന്നപ്ര തെക്ക് (120.97 ശതമാനം) പഞ്ചായത്തുകള്‍ സംസ്ഥാന തലത്തില്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി.    108.06 ശതമാനം തുക ചെലവഴിച്ച് ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനത്താണ്.

നഗരസഭകളില്‍ 94.09 ശതമാനം വിനിയോഗവുമായി ചേര്‍ത്തല ജില്ലാതലത്തില്‍ ഒന്നാം സ്ഥാനത്തെത്തി. ആലപ്പുഴ ജില്ലാ പഞ്ചായത്ത് 72.46 പദ്ധതി തുക ചെലവഴിച്ചു.

ജില്ലയിലെ 37 ഗ്രാമ പഞ്ചായത്തുകളും നാല് ബ്ലോക്ക് പഞ്ചായത്തുകളും പദ്ധതി തുക വിനിയോഗത്തില്‍ 100 ശതമാനം നേട്ടം കൈവരിച്ചു. മുഹമ്മ, കാര്‍ത്തികപ്പള്ളി, പുന്നപ്ര തെക്ക്, മുട്ടാര്‍, നെടുമുടി, അമ്പലപ്പുഴ തെക്ക്, തഴക്കര, കാവാലം, വളളികുന്നം, അരൂര്‍, ചെറുതന, എഴുപുന്ന, പുന്നപ്ര വടക്ക്, ചമ്പക്കുളം, കുമാരപുരം, മാരാരിക്കുളം വടക്ക്, തകഴി, പട്ടണക്കാട്, മാവേലിക്കര തെക്കേക്കര, തിരുവന്‍വണ്ടൂര്‍, ദേവികുളങ്ങര, കൈനകരി, എടത്വ, തുറവൂര്‍, തൃക്കുന്നപ്പുഴ, പുളിങ്കുന്ന്, കുത്തിയതോട്, പുലിയൂര്‍, വെളിയനാട്, ചിങ്ങോലി, രാമങ്കരി, കടക്കരപ്പള്ളി, മുതുകുളം, ചെറിയനാട്, ബുധനൂര്‍, പാണാവള്ളി, മണ്ണഞ്ചരി എന്നിവയാണ് 100 ശതമാനം തുക വിനിയോഗിച്ച ഗ്രാമപഞ്ചായത്തുകള്‍. ചെങ്ങന്നൂര്‍, തൈക്കാട്ടുശ്ശേരി, മാവേലിക്കര, അമ്പലപ്പുഴ എന്നിവയാണ് ഈ നേട്ടം കൈവരിച്ച ബ്ലോക്ക് പഞ്ചായത്തുകള്‍.

21 ഗ്രാമ പഞ്ചായത്തുകളും അഞ്ചു ബ്ലോക്ക് പഞ്ചായത്തുകളും രണ്ടു മുനിസിപ്പാലിറ്റികളും  90 ശതമാനത്തിലധികം പദ്ധതി തുക ചെലവഴിച്ചു. മികച്ച നേട്ടം കൈവരിച്ചതില്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍,  സെക്രട്ടറിമാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പ്ലാന്‍ ക്ലര്‍ക്കുമാര്‍ എന്നിവരെ ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറും അഭിനന്ദിച്ചു.

Share
അഭിപ്രായം എഴുതാം