വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിൽ ബസ് ഉടമകളുടെ ആവശ്യം അന്യായമല്ലെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിൽ ബസ് ഉടമകളുടെ ആവശ്യം അന്യായമല്ലെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു. സംസ്ഥാനത്ത് പ്രൈവറ്റ് ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് അംഗീകാരം നല്‍കിയതോടെ മിനിമം ചാര്‍ജ് 8 രൂപയില്‍ നന്ന് 10 രൂപയാക്കി വര്‍ധിപ്പിച്ചെങ്കിലും വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ വർധനവുണ്ടായിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് ബസ് ഉടമകളുടെ ആവശ്യം അന്യായമല്ലെന്ന് ​മന്ത്രി പ്രതികരിച്ചത്.

വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുന്നത് പരിശോധിക്കാൻ സമിതിയെ നിയോ​ഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷം ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.

മിനിമം നിരക്ക് 12 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ധിപ്പിക്കണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബസ് ഉടമകള്‍ സമരം നടത്തിയത്. നിരക്ക് വര്‍ധന ഉടന്‍ നടപ്പാക്കുമെന്ന സര്‍ക്കാര്‍ ഉറപ്പില്‍ സ്വകാര്യ ബസ് ഉടമകള്‍ സമരം പിന്‍വലിക്കുകയായിരുന്നു.

Share
അഭിപ്രായം എഴുതാം