”പട്ടിയുടെ മനസ്സലിവ് പോലുമില്ലാതെ ഭരണാധികാരികള്‍”

ഇടുക്കി: ഉണ്ണുന്നതില്‍ പാതി കൊടുത്തിരുന്നതിന്റെ നന്ദിയായിരിക്കാം ഉടമസ്ഥന്റെ ശവത്തിനരുകില്‍ സങ്കടപ്പെട്ടിരിക്കുമ്പോള്‍ ഈ നായയുടെ ഉള്ളില്‍. മനുഷ്യജീവനുകള്‍ ചവിട്ടിയരച്ച ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും മനസ്സലിവ് കാട്ടാത്ത ഭരണാധികാരികളുടേയും ഉദ്യോഗസ്ഥരുടേയും അനാസ്ഥയോട് ഒരുപാട് ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് ഈ വീഡിയോ.

ഹൃദയമലിയിക്കുന്ന കാഴ്ച : ചിന്നകനാലിൽ നിന്നുള്ള വീഡിയോ

വോട്ടും നികുതിയും നല്‍കി ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാത്ത അധികാരികളുടെ ഹൃദയ ശൂന്യതയുടെ ഇരയായി ഒരു മനുഷ്യജീവന്‍ കൂടി വീണുടഞ്ഞ ചിന്നക്കനാലില്‍ നിന്നുള്ളതാണ് ദൃശ്യം. ഇടുക്കി ചിന്നക്കനാലിലെ സിംഗു കണ്ടത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ കൃഷിക്കാരന്‍ കൊല്ലപ്പെട്ടു. സിംഗുകണ്ടം കൃപാസനം വീട്ടില്‍ ബാബു(57) ആണ് 30.03.2022 ന് രാവിലെ ആറരയോടെ വീട്ടുമുറ്റത്ത് വെച്ച് കൊല്ലപ്പെട്ടത്. ചിന്നക്കനാല്‍ പഞ്ചായത്തിലും പരിസരങ്ങളും മാത്രമായി എട്ട് പേരെ ഇതിനോടകം കൊന്ന കല്യാണി കൊമ്പനാണ് ബാബുവിനെ ആക്രമിച്ചത്. ഉറക്കമുണര്‍ന്ന് മൂത്രമൊഴിക്കാനായി വീട്ടുമുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു. പറമ്പില്‍ നില്‍ക്കുകയായിരുന്ന കൊമ്പന്‍ ഓടി വന്ന് അടിച്ചുവീഴ്ത്തി നിലത്തിട്ട് ചവിട്ടി കൊലപ്പെടുത്തി. ആനയുടെ കൊലവിളി കേട്ട് പുറത്തുവന്ന ഭാര്യ ദുരന്തം കണ്ട് ഞെട്ടിത്തരിച്ച് നിന്നു. മുറ്റത്തിനരുകില്‍ കിടക്കുന്ന ബാബുവിന്റെ മൃതദേഹത്തിനരുകില്‍ വിലപിക്കുന്ന ഭാര്യയുടെ ഒപ്പം വളര്‍ത്തു നായയും പങ്കുചേര്‍ന്ന കാഴ്ച നാട്ടുകാരെ കണ്ണീരണിയിച്ചു. ഭരണാധികാരികളുടെ സമ്മതത്തോടെ വനംവകുപ്പ് തുടരുന്ന ദ്രോഹങ്ങളാണ് ഇവിടുത്തെ ദുരന്തങ്ങള്‍ക്ക് കാരണം. മതികെട്ടാന്‍ വന്യജീവി കേന്ദ്രത്തിന്റെ തുടര്‍ച്ചയാക്കി ജനവാസ കേന്ദ്രമായ ചിന്നക്കനാല്‍ പഞ്ചായത്തിനെ മാറ്റാന്‍ വനം വകുപ്പ് പദ്ധതി തയ്യാറാക്കി കാത്തിരിക്കുകയാണ്.

Read More:- ആനയെ ആകർഷിക്കാൻ ഇളം പുല്ല് വളർത്താൻ മലമേടുകൾ കത്തിച്ച് വനം വകുപ്പ്

ആനയിറങ്കലില്‍ ആന പാര്‍ക്കും കിലോമീറ്റര്‍ കണക്കിന് വീതിയില്‍ ചിന്നാര്‍ വന്യജീവി കേന്ദ്രം വരെ നീളുന്ന ആനത്താരയുമാണ് പദ്ധതി. ആന പാര്‍ക്കിനായി ഈ പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ് ഇവിടെ മരണങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണം. തുലാവര്‍ഷം കഴിഞ്ഞാല്‍ ഉടനെ ഇവിടുത്തെ പുല്‍മേടുകള്‍ക്ക് വനംവകുപ്പ് വാച്ചര്‍മാര്‍ തീയിടും. ആള്‍താമസമില്ലാത്ത ആദിവാസി പട്ടയഭൂമിയിലും കര്‍ഷകരുടെ കൈവശഭൂമിയിലുമാണ് തീയിടുന്നത്. ഒരു മാസം കഴിഞ്ഞാല്‍ തീപിടിച്ച മേച്ചില്‍ പുല്ല് പൊട്ടി തളിര്‍ത്ത് വരും. ഇളം മധുരമുള്ള ഈ പുല്ല് ആനകള്‍ക്ക് ഇഷ്ടമാണ്. വേനല്‍ക്കാലം മുഴുവന്‍ ആനക്കൂട്ടം ചിന്നക്കനാലിലെ ജനവാസകേന്ദ്രത്തില്‍ ഉണ്ടാവും. ആനയുടെ ആക്രമണവും മരണങ്ങളും കൂടുതല്‍ സംഭവിക്കുന്നത് ഈ മാസങ്ങളിലാണ്. സമീപ വര്‍ഷങ്ങളിലായി ഇരുപതിലേറെ പേരെയാണ് ചിന്നക്കനാല്‍ പഞ്ചായത്ത് പരിധിയില്‍ ആന കൊന്നത്. ഇരുപത്തി അഞ്ചേക്കര്‍ മാത്രം വനഭൂമിയുള്ള വില്ലേജിലാണ് ഈ നടപടികള്‍. വില്ലേജിലെ മുഴുവന്‍ പട്ടയ നടപടികള്‍ക്കും വനംവകുപ്പ് തടസ്സം നില്‍ക്കുകയാണ്. വോട്ടും നികുതിയും വാങ്ങുന്നതിനപ്പുറം ഭരണാധികാരികള്‍ക്ക് താല്പര്യങ്ങള്‍ ഇല്ല. വനംവകുപ്പാകട്ടെ സമാന്തര മന്ത്രി സഭയായി ജനവിരുദ്ധ പദ്ധതികളുമായി ദ്രോഹം തുടരുന്നു. നാട്ടുകാര്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം