മുസ്ലിം നർത്തകിയെ വിലക്കിയത് ഹിന്ദു സംസ്ക്കാര വിരുദ്ധം- വാര്യർ മഹാസഭ

തൃശ്ശൂർ : ഭാരതീയ കലകളെ സ്നേഹിക്കുക മാത്രമല്ല അതിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച അപൂർവ കലാകാരിയായ മൻസിയ ശ്യാമിനെ ഇസ്ലാം മതത്തിൻറെ പേരിൽ കൂടൽമാണിക്യ ക്ഷേത്രത്തിൽ ഡാൻസ് അവതരിപ്പിക്കുന്നതിൽ നിന്ന് വിലക്കിയത് അങ്ങേയറ്റം അപലപനീയമാണെന്ന് വാര്യർ മഹാസഭയുടെ പ്രസിഡൻറ് വിഎസ് ഭഗത് കുമാർ, സെക്രട്ടറി ബിനു ജി വാര്യർ എന്നിവർ പ്രസ്താവിച്ചു. 2022 ഏപ്രിൽ 21 -ന് കൂടൽമാണിക്യ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നൃത്തോത്സവത്തിലെ പരിപാടിയിൽ നിന്ന് മൻസിയയെ വിലക്കിയതിനെക്കുറിച്ച് നടത്തിയ പ്രസ്താവനയിലാണ് ഇപ്രകാരം പറഞ്ഞത്.

ഹൈന്ദവക്ഷേത്രങ്ങൾ കലാകാരന്മാരെ അവരുടെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ പ്രോത്സാഹിപ്പിച്ച് വരുന്നു. ഹൈദരാലിയും യേശുദാസും കൂടാതെ ക്ഷേത്രോത്സവ വേദികളിൽ കൂടി ആയിരമായിരം കലാകാരികളും കലാകാരന്മാരും ജീവിക്കുന്നതും ഈ കാലഘട്ടത്തിൽ തന്നെയാണ് എന്ന് ഉത്സവകമ്മിറ്റി ഓർത്താൽ നന്ന് എന്ന് അവർ സൂചിപ്പിച്ചു. ഹിന്ദുക്കളെ മുഴുവൻ പിന്തിരിപ്പൻമാരായി കേരളസമൂഹത്തിൽ ചിത്രീകരിക്കുന്നതിന്റെ ഭാഗമായാണോ മൻസിയ ശ്യാമിനെ ക്ഷേത്രോത്സവ നൃത്ത പരിപാടിയിൽ നിന്നും വിലക്കിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.


നൃത്തത്തിൽ എം എയും എം ഫിലിം നെറ്റും എടുത്ത് പി എച്ച് ഡി ചെയ്തുകൊണ്ടിരിക്കുന്ന, നൃത്തം ജീവവായുവായി കാണുന്ന മൻസിയ ശ്യാം കല്യാണിന്റെ നൃത്ത പരിപാടിയാണ് മതത്തിൻറെ പേരിൽ കൂടൽമാണിക്യം ക്ഷേത്രോത്സവ പരിപാടിയിൽ നിന്ന് നീക്കം ചെയ്തത്. അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ല എന്ന് പറഞ്ഞാണ് അവർ ഒഴിവാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →