‘കേരം തിങ്ങും കൂവപ്പടി’ യാഥാര്‍ത്ഥ്യത്തിലേക്ക്

കൂവപ്പടിയെ കേര സമൃദ്ധിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണ് ‘കേരം തിങ്ങും കൂവപ്പടി’. ബ്ലോക്കിലെ എല്ലാ വീടുകളിലും ഒരോ തെങ്ങിന്‍ തൈ വീതം എത്തിച്ച് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ  സഹായത്തോടെ നട്ടുകൊടുക്കുക എന്നതാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. തെങ്ങിന്‍ തൈ മാത്രം വിതരണം ചെയ്താല്‍ ഉദ്ദേശിച്ച ഫലം ലഭിക്കില്ല എന്ന വിലയിരുത്തലില്‍ നിന്നാണ് തെങ്ങിന്‍ തൈ വീട്ടിലെത്തിച്ച് നട്ടുകൊടുക്കുക എന്ന ആശയം ഉദിച്ചത്. പദ്ധതിക്കായി തെങ്ങിന്‍ തൈ പുറത്തുനിന്ന് വാങ്ങുകയല്ല, മറിച്ച് സ്വന്തമായി ഉത്പാദിപ്പിക്കുകയാണ് എന്നതാണ് ശ്രദ്ധേയം.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് സ്വന്തമായി ഒരു തെങ്ങിന്‍ തൈ നഴ്സറി കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വളപ്പില്‍ ആരംഭിച്ചിട്ടുണ്ട്. ഗുണമേന്മയുറപ്പാക്കി ശാസ്ത്രീയമായ രീതിയിലാണ് തെങ്ങിന്‍ തൈകള്‍ ഇവിടെ തയ്യാറാക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ കൃത്യമായ പരിചരണവും ഉറപ്പാക്കുന്നുണ്ട്. 

‘കേരം തിങ്ങും കൂവപ്പടി’യുടെ ആദ്യഘട്ടത്തില്‍ 5,000 തെങ്ങിന്‍ തൈകൾ തയ്യാറാക്കി നട്ടുകൊടുക്കും. പിന്നീട് ഘട്ടംഘട്ടമായി 50,000 തൈകള്‍ ഉത്പാദിപ്പിച്ച് വീടുകളിലെത്തി നട്ടുകൊടുക്കുകയാണ് ലക്ഷ്യം. പദ്ധതി അതിന്റെ പൂര്‍ണതയില്‍ എത്തുമ്പോള്‍ കേരംതിങ്ങുന്ന നാടായി കൂവപ്പടി മാറുമെന്നാണ് പ്രതീക്ഷ. തെങ്ങിന്‍ തൈ നടാന്‍ ഉത്തമമായ സമയമായി കണക്കാക്കപ്പെടുന്ന മേടപ്പത്തിന് പദ്ധതിക്ക് തുടക്കം കുറിക്കും. തെങ്ങിന്‍ തൈ നട്ടുകൊടുക്കുന്നതിന് പുറമേ തുടര്‍പ്രവര്‍ത്തനങ്ങളും ആലോചിക്കുന്നുണ്ട് എന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍ പറയുന്നു.

പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നിരവധി തൊഴില്‍ ദിനങ്ങളും ലഭിച്ചുവരുന്നു. ‘കേരം തിങ്ങും കൂവപ്പടി’ പദ്ധതിക്കായി ആദ്യഘട്ടത്തില്‍ പത്ത് ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് നീക്കിവച്ചിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം