മാര്‍ച്ച് 28,29 തീയതികളില്‍ ദേശീയ പണിമുടക്ക്

തിരുവനന്തപുരം: തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, കര്‍ഷകരുടെ അവകാശപത്രിക ഉടന്‍ അംഗീകരിക്കുക തുടങ്ങി 12 ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രേഡ് യൂനിയന്‍ സംയുക്ത സമിതി പ്രഖ്യാപിച്ച ദ്വിദിന പണിമുടക്ക് മാര്‍ച്ച് 28, 29 തീയതികളില്‍ നടക്കും. 28ന് രാവിലെ ആറു മുതല്‍ മാര്‍ച്ച് 30ന് രാവിലെ ആറു വരെയാണ് പണിമുടക്ക്. ദേശീയതലത്തില്‍ ബിഎംഎസ് ഒഴികെ 20 ഓളം തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്. കേരളത്തില്‍ 22 തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ അണിനിരക്കുമെന്ന് സംയുക്തസമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അവശ്യ സര്‍വിസുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കി. ജനങ്ങള്‍ ട്രെയിന്‍ യാത്ര ഒഴിവാക്കണം. മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കുന്നതിനാല്‍ വാഹനങ്ങള്‍ ഓടില്ല. സ്വകാര്യ വാഹനങ്ങളും പണിമുടക്കില്‍ സഹകരിക്കും. വ്യാപാര, വാണിജ്യ സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നവര്‍ പണിമുടക്കുന്നതിനാല്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കും. കര്‍ഷകകര്‍ഷകത്തൊഴിലാളി സംഘടനകള്‍, കേന്ദ്ര സംസ്ഥാന സര്‍വിസുകള്‍, അധ്യാപക സംഘടനകള്‍, ബിഎസ്എന്‍എല്‍, എല്‍ഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, തുറമുഖ തൊഴിലാളികള്‍ എന്നിവരും പണിമുടക്കും.

Share
അഭിപ്രായം എഴുതാം