കോട്ടയം: പക്ഷിപ്പനി ബാധിച്ച് താറാവുകളെ നശിപ്പിച്ച വെച്ചൂർ, അയ്മനം, കല്ലറ, കുമരകം ഗ്രാമപഞ്ചായത്തുകളിലെ കർഷകർക്ക് ധനസഹായമായി സംസ്ഥാന സർക്കാർ 91.59 ലക്ഷം രൂപ അനുവദിച്ചു. താറാവുകൾക്കും രണ്ടു മാസത്തിൽ താഴെ പ്രായമുള്ള താറാവുകൾക്കും നൂറു രൂപ നിരക്കിലും രണ്ടു മാസത്തിനു മുകളിൽ പ്രായമുള്ളവയ്ക്ക് 200 രൂപ നിരക്കിലും സഹായം ലഭിക്കും. മാർച്ച് 24 വൈകിട്ട് അഞ്ചിന് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി ധനസഹായ വിതരണം നിർവഹിക്കും. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യ പ്രഭാഷണം നടത്തും. തോമസ് ചാഴികാടൻ എം.പി, എം.എൽ.എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി.കെ ആശ, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ധന്യാ സാബു, സബിത പ്രേംജി, ഷൈല കുമാർ, കല്ലറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബൈജു, എ.ഡി.സി.പി ജില്ലാ കോ- ഓർഡിനേറ്റർ ഡോ ഷാജി പണിക്കശേരി എന്നിവർ പങ്കെടുക്കും. ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. ഒ.റ്റി തങ്കച്ചൻ റിപ്പോർട്ടവതരിപ്പിക്കും.
വെച്ചൂരിൽ ഒൻപതും അയ്മനത്ത് അഞ്ചും കുമരകത്ത് നാലും കല്ലറയിൽ ഒന്നും വീതം താറാവ് കർഷകർക്ക് ധനസഹായം ലഭിക്കും.

