മതപരിവര്‍ത്തനം: 10 വര്‍ഷം വരെ ജയിലും പിഴയും. ഹരിയാന ബില്‍ പാസാക്കി

ന്യൂഡല്‍ഹി: ബലം പ്രയോഗിച്ചും പ്രലോഭിച്ചുമുള്ള മതംമാറ്റം വിലക്കിക്കൊണ്ടുള്ള ബില്‍ ഹരിയാന നിയമസഭ പാസാക്കി. മാര്‍ച്ച് നാലിന് സഭയില്‍ അവതരിപ്പിച്ച ബില്‍ പ്രതിപക്ഷത്തിന്റെ വന്‍ പ്രതിഷേധത്തിനിടെയാണു പാസാക്കിയത്. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹിമാചല്‍ പ്രദേശിലും ഉത്തര്‍പ്രദേശിലും സമാനമായ നിയമങ്ങള്‍ സമീപകാലത്ത് പാസാക്കിയിരുന്നു.

”ഹരിയായ നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധനനിയമം 2022” അനുസരിച്ചു ബലം പ്രയോഗിച്ചോ, പ്രലോഭിച്ചോ, വളഞ്ഞവഴിയിലൂടെയോ മതംമാറ്റം നടത്തിയാല്‍ ഒന്നുമുതല്‍ അഞ്ചുവര്‍ഷം വരെ ജയില്‍ശിക്ഷയും ഒരുലക്ഷം രൂപയില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ.

പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, പട്ടിക വിഭാഗങ്ങളില്‍പ്പെടുന്നവര്‍ എന്നിവരെ മതംമാറ്റുന്നവര്‍, മതം മാറ്റാന്‍ ശ്രമിക്കുന്നവര്‍ എന്നിവര്‍ക്ക് നാലുവര്‍ഷത്തില്‍ കുറയാത്ത തടവും(ഇത് പത്തുവര്‍ഷം വരെയാകാം), മൂന്നു ലക്ഷം രൂപയില്‍ കുറയാത്ത പിഴയും ശിക്ഷയായി നല്‍കുമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം