ന്യൂഡല്‍ഹി: രാജ്യത്തു പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതു പരിഗണനയില്‍. ചില രാജ്യങ്ങളില്‍ കോവിഡ് വ്യാപനം ശക്തമാകുന്നതും മൂന്നാം ഡോസ് സ്വീകരിക്കാത്തതു മൂലം ചിലരുടെ വിദേശയാത്ര മുടങ്ങുന്നതും കണക്കിലെടുത്താണ് ഇക്കാര്യം ആലോചിക്കുന്നത്. ഏഷ്യയുടെ ചില ഭാഗങ്ങളിലും യൂറോപ്പിലും കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത കൈവിടരുതെന്നു കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. ഇറ്റലിയിലും ചൈനയിലുമാണു കോവിഡ് കേസുകള്‍ ഗണ്യമായി ഉയരുന്നത്. നിലവില്‍ കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കും 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും മാത്രമാണു കരുതല്‍ ഡോസ് എന്ന പേരില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കണോ എന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നതേയുള്ളൂ എന്നാണു സൂചന.