ജനശബ്ദം ദൈവത്തിന്റെ ശബ്ദമാണ്, അംഗീകരിക്കുന്നു: രാജിവച്ച് സിദ്ദു

അമൃത്സര്‍: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് നവജ്യോത് സിങ് സിദ്ദു. തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ അഞ്ചു സംസ്ഥാനങ്ങളിലെയും അധ്യക്ഷന്മാരോടു രാജിവയ്ക്കാന്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി ആവശ്യപ്പെട്ടതിനു പിന്നാലെയാണു രാജി.കോണ്‍ഗ്രസ് അധ്യക്ഷ ആഗ്രഹിച്ചതുപോലെ ഞാന്‍ എന്റെ രാജിക്കത്ത് അയച്ചു” സോണിയാ ഗാന്ധിയെ അഭിസംബോധന ചെയ്ത് അയച്ച കത്തിന്റെ പകര്‍പ്പ് സഹിതം അദ്ദേഹം ട്വീറ്റ് ചെയ്തു. സംസ്ഥാന കോണ്‍ഗ്രസ് ഘടകങ്ങളുടെ പുനഃസംഘടന സുഗമമാക്കാനാണു രാജി ആവശ്യപ്പെട്ടതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു.
പഞ്ചാബിലെ തോല്‍വിക്ക് ശേഷം മാധ്യമങ്ങളെ അഭിമുഖീകരിച്ച സിദ്ദു ആം ആദ്മി പാര്‍ട്ടിയെ അധികാരത്തിലെത്തിച്ച് മാറ്റത്തിന് തുടക്കം കുറിക്കാനുള്ള മികച്ച തീരുമാനമെടുത്ത പഞ്ചാബിലെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കെ ഇത് എങ്ങനെ പറയുമെന്ന് ചോദിച്ചപ്പോള്‍, ജനം മാറ്റമാണ് തെരഞ്ഞെടുത്തതെന്നും അവര്‍ക്ക് ഒരിക്കലും തെറ്റില്ലെന്നുമായിരുന്നു പ്രതികരണം.

ജനശബ്ദം ദൈവത്തിന്റെ ശബ്ദമാണ്, വിനയത്തോടെ അത് അംഗീകരിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പാര്‍ട്ടി നിലംപരിശായ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിദ്ദുവിനും മുഖ്യമന്ത്രിയായിരുന്ന ചരണ്‍ജിത് സിങ് ഛന്നിക്കും പുറമേ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പരാജയം രുചിച്ചിരുന്നു. സിദ്ദു അമൃത്സര്‍ ഈസ്റ്റ് സീറ്റില്‍ ആം ആദ്മി പാര്‍ട്ടിയുടെ ജീവന്‍ജ്യോത് കൗറിനോട് ആറായിരത്തിലധികം വോട്ടിന് പരാജയപ്പെട്ടു. ഛന്നി മത്സരിച്ച രണ്ടു സീറ്റിലുംതോറ്റു.

Share
അഭിപ്രായം എഴുതാം