സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ പി.സന്തോഷ് രാജ്യസഭാ സ്ഥാനാർത്ഥി

തിരുവനന്തപുരം: സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ പി.സന്തോഷ് കുമാറിനെ രാജ്യസഭയിലേക്ക് അയക്കാൻ സിപിഐ തീരുമാനിച്ചു. സന്തോഷ് രാജ്യസഭയിലേക്ക് എത്തുന്നതോടെ ഒരേ സമയം കേരളത്തിൽ നിന്നും സിപിഐ രണ്ട് അംഗങ്ങളുടെ രാജ്യസഭാ പ്രാതിനിധ്യം അവകാശപ്പെടാനാവും. എഐവൈഎഫ് മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ സന്തോഷ് കുമാർ‍ നിലവിൽ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയാണ്. പുതിയ പദവി അപ്രതീക്ഷിതിമാണെന്നും പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനം ഉടനെ ഒഴിയുമെന്നും സന്തോഷ് കുമാർ പറഞ്ഞു. 2024ൽ ബിനോയ് ഒഴിയുന്ന മുറക്കായിരുന്നു സിപിഐയുടെ അടുത്ത അവസരം. നിലവിലെ പരിഗണന അടുത്ത ടേണിനെ ബാധിക്കില്ലെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി.

എൽഡിഎഫിന് വിജയിക്കാൻ കഴിയുന്ന രണ്ട് രാജ്യസഭാ ഒഴിവുകളിൽ സിപിഎമ്മും സിപിഐയും മത്സരിക്കും.2022 മാര്‍ച്ച 15 ന് ചേർന്ന ഇടതുമുന്നണിയോഗമാണ് തീരുമാനമെടുത്തത്. കാലാവധി പൂർത്തിയാക്കിയ എൽജെ‍‍ഡി അടക്കം നാല് പാർട്ടികളാണ് അവകാശവാദം ഉന്നയിച്ചത്. എൽജെഡി നേതാവ് ശ്രേയാംസ്കുമാർ കാലാവധി പൂർത്തിയാക്കിയ ഒഴിവിൽ എൽജെഡി തന്നെയായിരുന്നു അവകാശവാദത്തിൽ മുന്നിൽ .സിപിഐയും എൻസിപിയും ജെഡിഎസും മുന്നണി യോഗത്തിൽ താത്പര്യം പ്രകടിപ്പിച്ചു.

ദേശീയ സാഹചര്യം കണക്കിലെടുത്ത് ഇടത് നിര ശക്തിപ്പെടുത്തണം എന്ന തീരുമാനം മുഖ്യമന്ത്രി യോഗത്തെ അറിയിച്ചതോടെ സിപിഎമ്മിനൊപ്പം സിപിഐക്കും അവസരം തെളിഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശം യോഗം അംഗീകരിച്ചു. എൽഡിഎഫ് യോഗം കഴിഞ്ഞയുടൻ തന്നെ സിപിഐ നിർവാഹക സമിതി യോഗത്തിലേക്ക് കാനം എത്തി. അധികം വൈകാതെ അഡ്വ പി.സന്തോഷ് കുമാറിനെ പാർട്ടി സ്ഥാനാർത്ഥിയായി തീരുമാനിച്ചു.തങ്ങൾക്ക് ലഭിച്ച സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയെ സിപിഎം വെള്ളിയാഴ്ച തീരുമാനിക്കും.

പാർട്ടിയിലെ പിളർപ്പും പ്രശ്നങ്ങളും ഒറ്റ സീറ്റിൽ കൂടുതൽ ജനാധിപത്യ കക്ഷികൾ അവകാശവാദം ഉന്നയിച്ചതുമാണ് എൽജെഡിക്ക് തിരിച്ചടിയായത്. രാജ്യസഭാ സീറ്റുകളിൽ തുടർച്ച നിർബന്ധിത മാനദണ്ഡമല്ലെന്ന മുന്നറിയിപ്പ് നൽകാനും ഈ തീരുമാനത്തിലൂടെ സിപിഎമ്മിനായി.

Share
അഭിപ്രായം എഴുതാം