സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ പട്ടികവര്‍ഗ മേഖലയിലെ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ‘കരുതല്‍ 2022’ ഏകദിന ശില്‍പശാലയുടെ ഉദ്ഘാടനം ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി.മനോജ് കുമാര്‍ നിര്‍വഹിച്ചു. പട്ടിക വര്‍ഗ മേഖലയിലെ കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ, സാംസ്‌ക്കാരിക ഉന്നമനം തുടങ്ങിയ മേഖലകളില്‍ ബോധവല്‍ക്കരണം നടത്തുക, കുട്ടികളുടെ അവകാശ സംരക്ഷണത്തെക്കുറിച്ച് അവബോധമുണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്. സംയോജിത പട്ടികവര്‍ഗ വികസന പദ്ധതിയുടെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും സഹകരണത്തോടെയാണ് ശില്‍പശാല.
വിദ്യാഭാസത്തിന്റെ ആവശ്യകതയെപ്പറ്റി ‘അക്ഷരത്താളുകള്‍’ എന്ന പേരിലും ലഹരി ഉപയോഗം തടയാന്‍ ‘പാടുന്ന ലഹരി, പതറുന്ന ബാല്യം ‘ എന്ന പേരിലും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനും സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍ പരിചയപ്പെടുത്താനുമായി ‘ഉണര്‍വ്’ എന്ന പേരിലും അവബോധ ക്ലാസുകള്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് ബാലാവകാശ കമ്മിഷനും കുട്ടികളുമായുള്ള സംവാദവും മെഡിക്കല്‍ ക്യാമ്പും നടന്നു. വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് ബാബുരാജ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ നീതു രാജീവ്, തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സന്‍ എന്‍ സുനന്ദ, ഐ.ടി.ഡി.പി നെടുമങ്ങാട് പ്രോജക്ട് ഓഫീസര്‍ എ റഹിം തുടങ്ങിയവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ശില്‍പശാലയില്‍ പങ്കെടുത്തു.