കോട്ടയം: അഴകോടെ ഒഴുകാൻ മീനച്ചിലാറിനു വേണ്ടി പ്രത്യേക പദ്ധതി നടപ്പാക്കും: മന്ത്രി റോഷി അഗസ്റ്റിൻ ഈരാർ പുനർജനി പദ്ധതിയ്ക്ക് തുടക്കം

കോട്ടയം:  തെളിനീരഴകോടെ സുഗമമായൊഴുകാൻ  മീനച്ചിലാറിനു വേണ്ടി പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഈരാർ പുനർജനി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് അവശ്യമായ നടപടികൾ നടപ്പാക്കണമെന്ന് എല്ലാ  വകുപ്പുകൾക്കും കർശനമായ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നദികളും പുഴകളും  വീണ്ടെടുക്കുന്നതിനുള്ള  ബൃഹത്തായ പദ്ധതികൾ സംസ്ഥാനത്തുടനീളം നടന്നു വരുകയാണ്. ഇതിന്റെ ഭാഗമായാണ് മീനച്ചിലാറിന്റെ സംരക്ഷണം ഉറപ്പാക്കാനുള്ള പദ്ധതിയും നടപ്പാക്കുകയെന്ന് മന്ത്രി പറഞ്ഞു.  മീനച്ചിലാറിനെ വീണ്ടെടുക്കുന്നതിന് നടത്തുന്ന പ്രവർത്തനങ്ങളെയും ജനങ്ങളുടെ കൂട്ടായ്മയെയും അദ്ദേഹം അഭിനന്ദിച്ചു. 

ഒഴുക്ക് തടസപ്പെടുത്തി കിടക്കുന്ന മണ്ണ് നീക്കം ചെയ്യുന്ന വാഹനത്തിന്റെ ഫ്ലാഗ് ഓഫും മന്ത്രി നിർവ്വഹിച്ചു.

 ഈരാറ്റുപേട്ടയിൽ നടന്ന ചടങ്ങിൽ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എ അധ്യക്ഷനായി. ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തി. 

നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, പ്രോജക്ട് കോ ഓർഡിനേറ്റർ രമേശ് വെട്ടിമറ്റം, മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനർ സംയോജന പദ്ധതി ജില്ലാ കോ – ഓർഡിനേറ്റർ അഡ്വ. കെ. അനിൽ കുമാർ, ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ മോളികുട്ടി ഇമ്മാനുവേൽ,  നഗരസഭാംഗങ്ങൾ,  വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, യുവജന ക്ലബുകൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഒഴുക്കിന് തടസമുണ്ടാക്കും വിധം രൂപപെട്ടു കിടക്കുന്ന മൺതിട്ടകളം   പൊന്തച്ചെടികളും, മരക്കമ്പുകളും, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ് വസ്തുക്കളും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കമിട്ടത്. വർഷകാലത്ത് നദിയിലൂടെ ജലത്തിന്റെ ഒഴുക്ക് സുഗമമാക്കി ജലനിരപ്പ് ഉയരുന്നത് കുറയ്ക്കുകയാണ് പദ്ധതിയുടെ  ലക്ഷ്യം.

 ഈരാറ്റുപേട്ട നഗരസഭയുടെ പദ്ധതിക്കൊപ്പം  സംസ്ഥാന ജലസേചന വകുപ്പ്, റവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പുകൾ, ഹരിത കേരളം മിഷൻ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ  എന്നിവയും ചേർന്നാണ്   പദ്ധതി നടപ്പിലാക്കുന്നത്. 

Share
അഭിപ്രായം എഴുതാം