പി.എഫ് അക്കൗണ്ടിലെ പിഴവുകൾ തിരുത്താൻ ലൈംഗികമായി വഴങ്ങണമെന്നാവശ്യപ്പെട്ട ഉന്നത ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കോട്ടയം: അദ്ധ്യാപികയുടെ പി.എഫ് അക്കൗണ്ടിലെ പിഴവുകൾ തിരുത്താൻ ലൈംഗികമായി വഴങ്ങണമെന്നാവശ്യപ്പെട്ട വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ കോട്ടയത്ത് അറസ്റ്റിൽ. എയ്ഡഡ് സ്കൂൾ അധ്യാപകരുടെ സംസ്ഥാന പി.എഫ് നോഡൽ ഓഫീസറായ ആർ വിനോയ് ചന്ദ്രനാണ് വിജിലൻസിന്റെ പിടിയിലായത്. അദ്ധ്യാപികക്ക് നഗ്ന ചിത്രം അയച്ചതും വിജിലൻസ് കണ്ടെടുത്തു.

അദ്ധ്യാപിക നൽകിയ പരാതിയിൽ വിജിലൻസ് ഒരുക്കിയ കെണിയിലാണ് ഉദ്യോഗസ്ഥൻ കുടുങ്ങിയത്. 2018 മുതൽ അധ്യാപികയുടെ അക്കൗണ്ട് അപ്ഡേറ്റ് ചെയ്തിരുന്നില്ല. ഇത് ക്രമപ്പെടുത്തുന്നതിനാണ് അധ്യാപിക സംസ്ഥാന നോഡൽ ഓഫീസ’റായ ആർ. വിനോയ് ചന്ദ്രനെ സമീപിച്ചത് .

കാസർകോഡ് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പ് ജൂനിയർ സൂപ്രണ്ടാണ് അറസ്റ്റിലായ വിനോയ് ചന്ദ്രൻ. കോട്ടയം സ്വദേശിയായ അധ്യാപികയോടാണ് ഇയാൾ മോശമായി പെരുമാറിയത്. 2018 മുതൽ അദ്ധ്യാപികയുടെ പി.എഫ് ക്രെഡിറ്റ് കാർഡ് അപ്‌ഡേറ്റ് ചെയ്തിരുന്നില്ല. ഇത് ശരിയാക്കാനാണ് അധ്യാപിക ഇയാളെ സമീപിച്ചത്. തുടർന്ന് കോട്ടയത്ത് ഹോട്ടലിൽ മുറിയെടുത്ത് യുവതിയെ ഇയാൾ വിളിക്കുകയായിരുന്നു. വിജിലൻസ് ഉദ്യോഗസ്ഥരെ ഇക്കാര്യം യുവതി അറിയിച്ചു. വിജിലൻസ് നിർദേശ പ്രകാരം യുവതി ഇയാളെടുത്ത ഹോട്ടൽ മുറിയിലെത്തുകയായിരുന്നു. ഉടൻ വിജിലൻസ് സംഘവുമെത്തി ഇയാളെ കയ്യോടെ പിടികൂടി.

Share
അഭിപ്രായം എഴുതാം