നൂൽപ്പുഴിയിൽ വീണ്ടും കടുവയുടെ ആക്രമണം

സുൽത്താൻബത്തേരി: അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷം നൂൽപ്പുഴ പഞ്ചായത്തിന്റെ മറ്റൊരു ഭാഗത്ത് വീണ്ടും കടുവ പശുവിനെ ആക്രമിച്ചു. നാലാം വാർഡിൽ ഉൾപ്പെട്ട കൊട്ടനോടാണ് ഇപ്രാവശ്യം കടുവയുടെ സാന്നിധ്യമുണ്ടായത്. 2022 മാർച്ച് 8 ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. കൊട്ടനോട് മധുവിന്റെ ആറ് വയസോളം പ്രായം വരുന്ന പശുവാണ് ആക്രമണത്തിനിരയായത്.

കടുവയുടെ മുൻകാൽ കൊണ്ടുള്ള അടിയിൽ പശുവിന്റെ നട്ടെല്ല് തകർന്നുപോയതായി പഞ്ചായത്തംഗം സണ്ണി പറഞ്ഞു. ആക്രമിക്കപ്പെട്ട പശുവിന് സമീപമുണ്ടായിരുന്ന മറ്റൊരു പശു ഉച്ചത്തിൽ കരഞ്ഞതോടെയാണ് ഉടമസ്ഥനായ മധു കാര്യമറിയുന്നത്. എന്നാൽ ഉടമ പശുക്കൾക്ക് സമീപം എത്തുന്നതിന് മുമ്പേ തന്നെ കടുവ കാടിനുള്ളിലേക്ക് രക്ഷപ്പെട്ടിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് രാത്രിയോടെ പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

മാര്‍ച്ച് മൂന്നാം തീയ്യതി 17-ാം വാർഡിൽ ഉൾപ്പെട്ട ഏറളോട്ടുകുന്നിലും സമീപത്തും എത്തിയ കടുവയാണോ കൊട്ടനോടും വന്നതെന്ന കാര്യം ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ നോക്കി മാത്രമെ പറയാനാകൂവെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. കടുവയെത്തിയ സ്ഥലത്ത് നിന്ന് തെല്ല് മാറി കൊട്ടനോട് കുറുമ കോളനി സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ വനംവകുപ്പിന്റെ നിരീക്ഷണം ഉണ്ടായിരിക്കണമെന്ന് ആവശ്യപ്പെട്ടതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.

അതേ സമയം നായ്‌ക്കെട്ടി ഇല്ലിച്ചോടും പരിസരങ്ങളിലും സ്ഥിരമായി എത്തിയിരുന്ന കടുവ ഈ ഭാഗത്ത് കൂട് സ്ഥാപിച്ചതോടെ ഇവിടെ നിന്നും അപ്രത്യക്ഷമായതായി നാട്ടുകാരിൽ ചിലർ പറയുന്നു. നാട്ടിലെത്തി വളർത്തുമൃഗങ്ങളെ ആക്രമിച്ച് ശീലമാകുന്ന കടുവകൾ ഉൾക്കാട്ടിലേക്ക് പോകാൻ സാധ്യതയില്ലെന്നും ജനവാസ പ്രദേശങ്ങൾക്ക് സമീപം നിലയുറപ്പിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. രാത്രിയാകുന്നതോടെ കാപ്പിത്തോട്ടങ്ങളിലേക്കും കുറ്റിക്കാടുകളിലേക്കും ചേക്കേറുന്ന ഇവ ഇവിടെ നിന്നെത്തിയാണ് വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

Share
അഭിപ്രായം എഴുതാം