മെല്‍ബണില്‍ എസ്.കെ. വോണ്‍ സ്റ്റാന്‍ഡും

മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ തെക്കു വശത്തെ സ്റ്റാന്‍ഡിന് ഷെയ്ന്‍ വോണിന്റെ പേരിടും. എസ്.കെ. വോണ്‍ സ്റ്റാന്‍ഡ് എന്നായിരിക്കും സതേണ്‍ സ്റ്റാന്‍ഡിന്റെ പുതിയ പേരെന്നു ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.ഇവിടെ നടന്ന 2006 ലെ ബോക്സിങ് ഡേ ടെസ്റ്റിലാണു വോണ്‍ 700-ാം വിക്കറ്റെടുത്തത്. സതേണ്‍ സ്റ്റാന്‍ഡിലിരുന്ന കാണികളെ സാക്ഷിയാക്കിയായിരുന്നു വോണ്‍ ചരിത്രം കുറിച്ചത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് ട്രസ്റ്റിലെ അംഗങ്ങള്‍ വോണിനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ പ്രതിമയ്ക്കു മുന്നില്‍ പൂക്കള്‍, ക്രിക്കറ്റ് ബോളുകള്‍, ബിയര്‍ കുപ്പികള്‍, സിഗരറ്റ് തുടങ്ങിയവ സമര്‍പ്പിച്ചു. വോണ്‍ 700 ടെസ്റ്റ് വിക്കറ്റുകളെടുത്തതിന്റെ സ്മാരകമായാണു പ്രതിമ സ്ഥാപിച്ചത്.വോണിന്റെ പേരിടാന്‍ വിക്ടോറിയയിലെ കായിക മന്ത്രി മാര്‍ട്ടിന്‍ പാകുല, എം.സി.സി. ട്രസ്റ്റ് ചെയര്‍മാന്‍ സ്റ്റീവ് ബ്രാക്സ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്റ്റുവര്‍ട്ട് ഫോക്സ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ജങ്ഷന്‍ ഓവലിനു വോണിന്റെ പേരിടാന്‍ ക്രിക്കറ്റ് വിക്ടോറിയ നേരത്തെ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ ബഹുമതികളോടെ വോണിന്റെ അന്തിമ സംസ്‌കാരം നടത്താന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നു. ദുരന്തത്തിന്റെ ആഘാതത്തിലാണു തങ്ങളെന്നും ആലോചിക്കാന്‍ സമയം വേണമെന്നും കുടുംബാംഗങ്ങള്‍ അഭ്യര്‍ഥിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു.

Share
അഭിപ്രായം എഴുതാം