യുക്രൈനിൽ നിന്ന് 6400 ഇന്ത്യന്‍ പൗരന്മാര്‍ തിരികെയെത്തിയെന്ന് വിദേശകാര്യ വക്താവ്

ന്യൂഡൽഹി: യുക്രൈനിൽ നിന്ന് 30 വിമാനങ്ങളിലായി 6400 ഇന്ത്യന്‍ പൗരന്മാര്‍ തിരികെയെത്തിയെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി. 18000 ഇന്ത്യക്കാരാണ് ഇതുവരെ യുക്രൈൻ വിട്ടത്. ആയിരത്തോളം ഇന്ത്യൻ പൗരന്മാർ ഇന്നലെ ഖാർകീവ് വിട്ടെന്നും അദ്ദേഹം പറഞ്ഞു.

പടിഞ്ഞാറൻ അതിർത്തി കടക്കാൻ കാത്ത് നിൽക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു. അടുത്ത 24 മണിക്കൂറിനുള്ളിൽ 18 വിമാനങ്ങൾ കൂടി സർവീസ് നടത്തുമെന്നും ബാഗ്ചി വ്യക്തമാക്കി. നൂറ് കണക്കിന് വിദ്യാർഥികൾ ഇപ്പോഴും സുമിയിൽ കുടുങ്ങികിടക്കുന്നതായും അദ്ദേഹം അറിയിച്ചു.

സുമിയിലും ഖാർകീവിലും കുടുങ്ങിയ വിദ്യാർഥികളെ റഷ്യയുടെ സഹായത്തോടെ തിരികെയെത്തിക്കാനുള്ള ശ്രമമാണ് വിദേശകാര്യമന്ത്രാലയം നടത്തുന്നത്.

പ്രധാനമന്ത്രിയുമായി സംസാരിച്ചപ്പോൾ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ സഹായം വാഗ്ദാനം ചെയ്തെങ്കിലും നയതന്ത്രതലത്തിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

പാർലമെന്ററി പാനൽ മീറ്റിങ്ങിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്ത്യയുടെ രക്ഷാദൗത്യം വിശദീകരിച്ചിരുന്നു.

അതിനിടെ, യുക്രൈനിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർഥികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിച്ചു. വിദ്യാർഥികൾ യുക്രൈനിലെ സാഹചര്യം പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. വാരണാസിയില്‍വെച്ചാണ് മോദി വിദ്യാർത്ഥികളെ കണ്ടത്.

Share
അഭിപ്രായം എഴുതാം