സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം

*കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ സുബീഷിനെ ഡിസ്ചാർജ് ചെയ്തു
*മന്ത്രി വീണാ ജോർജ് നേരിട്ടെത്തി സന്തോഷം പങ്കുവച്ചു

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയിച്ചു. കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ തൃശൂർ സ്വദേശി സുബീഷ് ഡിസ്ചാർജ് ആയി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കോട്ടയം മെഡിക്കൽ കോളേജിലെത്തി സുബീഷിനേയും കരൾ പകുത്ത് നൽകിയ ഭാര്യ പ്രവിജയേയും നേരിട്ട് കണ്ട് സന്തോഷം പങ്കുവച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെപി ജയകുമാറുമായും സൂപ്രണ്ട് ഡോ. ടികെ ജയകുമാറുമായും സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവി ഡോ. സിന്ധുവുമായും മറ്റ് ടീം അംഗങ്ങളുമായും മന്ത്രി സംസാരിച്ചു.

സർക്കാർ മേഖലയിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയിച്ചിരിക്കുന്നത് ആരോഗ്യ മേഖലയുടെ വലിയ നേട്ടമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കാനായി കാത്തിരിക്കുന്നവർ ധാരാളമുണ്ട്. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന വ്യക്തിയെ സംബന്ധിച്ച് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാകുന്നത്. ഇതിനൊരു പരിഹാരം കാണാനാണ് സർക്കാർ മേഖലയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉടൻ ആരംഭിക്കും. കോഴിക്കോട് മെഡിക്കൽ കോളേജിലും കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പിന്തുണച്ച എല്ലാവർക്കും മന്ത്രി നന്ദി പറഞ്ഞു.

ഫെബ്രുവരി 14നാണ് കോട്ടയം മെഡിക്കൽ കോളേജിൽ സുബീഷിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. അന്നേ ദിവസം ആരോഗ്യ മന്ത്രി  ആശുപത്രിലെത്തി മുഴുവൻ ടീം അംഗങ്ങളേയും അഭിനന്ദിച്ചിരുന്നു. പിറ്റേന്ന് വീഡിയോ കോൾ വഴി മന്ത്രി സുബീഷുമായും പ്രവിജയുമായും സംസാരിച്ചിരുന്നു. രണ്ടാഴ്ചയിലേറെയുള്ള വിദഗ്ധ പരിചരണത്തിന് ശേഷമാണ് സുബീഷിനെ ഡിസ്ചാർജ് ചെയ്തത്. 2021 ആഗസ്റ്റിലാണ് കോട്ടയം മെഡിക്കൽ കോളേജിൽ സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിന് ലൈസൻസ് ലഭിക്കുന്നത്. ഇതിനെ തുടർന്ന് രോഗികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സാധ്യമാക്കുക എന്നതാണ് അടുത്ത ലക്ഷ്യം. ഇതിനായി കർമ്മപദ്ധതി തയ്യാറാക്കി മുന്നോട്ടു പോവുകയാണ്. ജീവനക്കാർക്കുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ട്. ടീം അംഗങ്ങളെ മെഡിക്കൽ കോളേജിലെത്തി മന്ത്രി നേരിട്ടു കണ്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ട്രാൻസ്പ്ലാന്റഷന് മാത്രമായി സമർപ്പിത യൂണിറ്റ് സജ്ജമാക്കുക എന്നതാണ് ലക്ഷ്യം.

Share
അഭിപ്രായം എഴുതാം