തൃശ്ശൂർ: പീച്ചി ഇടതുകര കനാലിലെ തടസ്സങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കി ഡാമിൽ നിന്ന് വെള്ളം തുറന്ന് വിടാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. കെ എഫ് ആർ ഐ യുടെ ഭാഗത്തെ തടസം പരിഹരിച്ച് മാർച്ച് 4 ന്കൂട്ടാല ബ്രാഞ്ച് കനാൽ, പുത്തൂർ ബ്രാഞ്ച് കനാൽ എന്നിവിടങ്ങളിലേക്ക് വെള്ളം തുറന്നുവിടണം. മാർച്ച് 20 ന് ചിറ്റക്കുന്ന് ഭാഗത്തെ അക്വഡക്റ്റ് നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കി വെള്ളം ഒഴുക്കണമെന്നും മന്ത്രി നിർദേശിച്ചു. പാണഞ്ചേരി, പുത്തൂർ, അളഗപ്പനഗർ, തൃക്കൂർ പഞ്ചായത്തുകളിലെ കുടിവെള്ളം, കൃഷി എന്നീ ആവശ്യങ്ങൾക്കുള്ള വെള്ളത്തിന്റെ ലഭ്യതയിൽ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ രാമനിലയത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പീച്ചി ഡാമിൽ നിന്ന് കനാൽ വഴിയാണ് ഇവിടങ്ങളിൽ കിണർ റീ ചാർജിനും കൃഷി ആവശ്യത്തിനും വെള്ളം എത്തിച്ചിരുന്നത്.
കെ.എഫ്.ആർ ഐയുടെ പ്രധാന കെട്ടിടത്തിന്റെ സമീപത്തുള്ള പാർശ്വഭിത്തി നിർമ്മാണത്തിന്റെ ഭാഗമായും പുത്തൂർ പഞ്ചായത്തിലെ പുത്തൻ കാട്ടിൽ നീർപാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടുമാണ് ഇടതുകര കനാലിലൂടെയുള്ള ജലത്തിൻ്റെ ഒഴുക്ക് രണ്ടിടങ്ങളിൽ തടസപ്പെട്ടത്. ഇതോടെ വിവിധ പഞ്ചായത്തുകളും കർഷകരും ഇടതുകര കനാലിലൂടെ വെള്ളം തുറന്ന് വിടാത്തതിലുള്ള പ്രതിഷേധമുയർത്തിയിരുന്നു. പ്രശ്ന പരിഹാരത്തിന് ഉടൻ തന്നെ മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നും കനാൽ വൃത്തിയാക്കൽ ഒരാഴ്ചകൊണ്ട് പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു.
ജില്ലാ കലക്ടർ ഹരിത വി കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ.വി സജു, ജോസഫ് ടാജറ്റ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി രവീന്ദ്രൻ, മോഹനൻ, പ്രിൻസൻ തയ്യാലക്കൽ, തഹസിൽദാർ ടി ജയശ്രീ, മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി കെ ജയരാജ്, ജില്ലാ കൃഷി ഓഫീസർ ടി വി ജയശ്രീ, കെ എഫ് ആർ ഐ രജിസ്ട്രാർ ടി പി സജീവ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ വി സന്ധ്യ, കൃഷി അസി, ഡയറക്ടർ സത്യവർമ്മ പി സി, റവന്യൂ, കൃഷി, ഇറിഗേഷൻ, കെ എഫ് ആർ ഐ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കർഷക സമിതി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.