കോഴിക്കോട്: ജില്ലാതല പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ തുറമുഖം-മ്യൂസിയം-ആര്‍ക്കിയോളജിക്കല്‍ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. 2014ല്‍ തന്നെ ഇന്ത്യ പോളിയോ നിര്‍മാര്‍ജനത്തില്‍ പൂര്‍ണവിജയം കൈവരിക്കുകയും പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഇപ്പോഴും രാജ്യവ്യാപകമായി പോളിയോ ഇമ്മ്യൂണൈസേഷന്‍ സംഘടിപ്പിക്കുന്നു. പോളിയോയുടെ മേല്‍ രാജ്യം കൈവരിച്ച വിജയം ഭാവിയിലേക്കും നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരം ഇമ്മ്യൂണൈസേഷന്‍ തുടരുന്നതെന്നും മന്ത്രി പറഞ്ഞു.
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷനില്‍ പങ്കെടുത്ത് അഞ്ചു വയസ്സില്‍ താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും പോളിയോ വാക്‌സിന്‍ നല്‍കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനും മന്ത്രി നേതൃത്വം നല്‍കി.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മര്‍ ഫാറൂഖ് വി. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. മോഹന്‍ദാസ് ടി. സ്വാഗതം പറഞ്ഞു. കോര്‍പ്പറേഷന്‍ ഡിവിഷന്‍ കൗണ്‍സിലര്‍ എസ്.കെ. അബൂബക്കര്‍, ആശുപത്രി സൂപ്രണ്ട് ഡോ. സുജാത എം, റോട്ടറി കാലിക്കറ്റ് മിഡ്ടൗണ്‍ ഗവര്‍ണര്‍ ഡോ. രാജേഷ്, സെക്രട്ടറി ഡോ. ശാന്തി ഗംഗ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ബാസ്, ഡോ. ഫിറോസ് പി, ഡോ. ദിവ്യ, ജില്ലാ എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ ബേബി നാപ്പള്ളി, ഡെപ്യൂട്ടി എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ കെ.എം. മുസ്തഫ, എം.സി.എച്ച്. ഓഫീസർ വാസന്തി വി.കെ, എൻ.എച്ച്.എം ജൂനിയർ കൺസൾട്ടന്റ് ദിവ്യ സി, കാലിക്കറ്റ് റോട്ടറി മുൻ പ്രസിഡന്റ് ആർ ജയന്ത് കുമാർ എന്നിവർ സംസാരിച്ചു.