കൊച്ചി: റഷ്യന്‍ അധിനിവേശത്തില്‍ ഉക്രൈനില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
രക്ഷിതാക്കള്‍ക്കൊപ്പം ഹൈക്കോടതി അഭിഭാഷക അസോസിയേഷനും ഹരജി നല്‍കിയിട്ടുണ്ട്.
ഭക്ഷണവും പണവുമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ സാമ്പത്തിക സഹായം ഉറപ്പാക്കണം. അതിര്‍ത്തിയിലേക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ ഉക്രൈന്‍ ഉദ്യോഗസ്ഥരുമായി കൂടിയോലചന നടത്താന്‍ ഉദ്യോഗസ്ഥരെ ചുമതപ്പെടുത്തണം തുടങ്ങിയ കാര്യങ്ങളാണ് ഹരജിയില്‍ പറയുന്നത്.
ഉക്രൈന്‍ പട്ടാളത്തില്‍ നിന്ന് കടുത്ത വിവേചനം നേരിടുകയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. നിയന്ത്രണത്തിന്റെ പേരില്‍ അതിര്‍ത്തിയില്‍ വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയും ചെയ്യുന്നു. തണുപ്പുള്ള കാലാവസ്ഥയില്‍ അവശ്യത്തിന് ഭക്ഷണം ഇല്ലാതെ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടിലാണ്. അതിനാല്‍ ഇക്കാര്യങ്ങളില്‍ ഇടപെടണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, ഉക്രൈനില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കീവില്‍ വാരാന്ത്യ കര്‍ഫ്യൂ ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നാട്ടിലേക്ക് വരാന്‍ തയാറെടുത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലേക്ക് പോകാന്‍ അവിടുത്തെ റെയില്‍വേ സൗകര്യം ഒരുക്കിയിട്ടുണ്ട്.