ന്യൂഡല്‍ഹി: യുക്രെയ്നില്‍നിന്ന് ഇന്ത്യക്കാരെയും കൊണ്ടുള്ള മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തി. ബുദാപെസ്റ്റില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനമാണിത്. 240 പേര്‍ വിമാനത്തിലുണ്ട്. ഇതില്‍ 25 മലയാളികളും ഉള്‍പ്പെടും. പുലര്‍ച്ചെ യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം ഡല്‍ഹിയിലെത്തിയിരുന്നു. റുമാനിയന്‍ തലസ്ഥാനമായ ബുക്കാറെസ്റ്റില്‍നിന്നാണ് 29 മലയാളികള്‍ ഉള്‍പ്പെടെ 251 ഇന്ത്യക്കാര്‍ രാജ്യത്ത് എത്തിച്ചേര്‍ന്നത്. ഡല്‍ഹിയിലെത്തിയ സംഘത്തെ കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യയും വി മുരളീധരനും ചേര്‍ന്ന് സ്വീകരിച്ചു. പിന്നീട് ഇവരെ കേരള ഹൗസിലേക്ക് മാറ്റി. യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യസംഘം കഴിഞ്ഞദിവസം മുംബൈയിലാണെത്തിയത്. 27 മലയാളികള്‍ ഉള്‍പ്പെടെ 219 മുംബൈയിലെത്തിയത്. ഇതില്‍ മലയാളികളെ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമാണ് അയക്കുന്നത്. 16 പേര്‍ വിമനത്താവളത്തില്‍നിന്ന് നേരേ കൊച്ചിയിലേക്ക് പോയി. തിരിവനന്തപുരത്തേക്ക് ഉള്ളവര്‍ വൈകുന്നേരമാവും ഡല്‍ഹിയില്‍നിന്ന് യാത്ര തിരിക്കുക. തിരികെ എത്തിയ മലയാളികളില്‍ ഒരാള്‍ ഡല്‍ഹിയിലാണ് താമസം. മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നാട്ടിലേക്ക് സൗജന്യയാത്ര ഏര്‍പ്പടുത്തിയിട്ടുണ്ട്.